അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ പണിമുടക്കിനെ തുടര്‍ന്ന് വരുമാന നേട്ടവുമായി കെ.എസ്.ആര്‍.ടി.സി. ബംഗളൂരുവിലേക്കും മൈസൂരിലേക്കുമുള്ള സര്‍വീസുകളില്‍ നിന്നാണ് പ്രധാനമായും അധിക വരുമാനം ലഭിക്കുന്നത്. ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും ധാരണയുണ്ട്. അതേസമയം അന്തർ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം ഇന്നും തുടരും. സമരത്തിന്റെ മറവിൽ ബുക്കിഗ് പുനരാരംഭിച്ച സ്വകാര്യ ബസുകൾ വാർത്തയായതോടെ ബുക്കിങ് നിർത്തിവച്ചിരുന്നു.
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ കോഴിക്കോട് നിന്നും ദിനം പ്രതി ബംഗളൂരുവിലേക്കും മൈസൂരിലേക്കും രണ്ട് വീതം അധിക ബസുകളാണ് കെ.എസ്.ആര്‍.ടി.സി ഏര്‍പ്പെടുത്തിയത്. ഇതിലൂടെ ദിവസം ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരുമാനം കെ.എസ്.ആര്‍.ടി.സിക്ക് അധികമായി ലഭിക്കുന്നുണ്ട്. ബംഗളൂരുവിലേക്ക് 12 ബസുകളാണ് കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നത്. മൈസൂരിലേക്ക് ഒന്‍പതും തിരക്കേറിയ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അഞ്ച് ബസുകള്‍ അധികമായും സര്‍വീസ് നടത്തുന്നു. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കൂടുതല്‍ സര്‍വീസ് നടത്താനും നീക്കമുണ്ട്.