Kerala

ശമ്പള കുടിശ്ശിക: കെഎസ്ആർടിസിയിൽ ഇന്ന് ബിഎംഎസ് പണിമുടക്ക്

ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് ബി.എം.എസ് യൂണിന്റെ നേതൃത്വത്തിൽ പണിമുടക്ക് സമരം. രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂറാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കി സമരം ചെയുന്നത് ബി.എം.എസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. എന്നാൽ ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും.
പണിമുടക്കിനെതിരെ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.ണിമുടക്കിൽ ബസ്സുകൾ തടയുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിട്ടു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കേണ്ടതാണ്.

ഇത്തരത്തിൽ സർവീസ് മുടക്കാൻ ശ്രമം നടത്തുകയോ വാഹനങ്ങളിൽ ഏതെങ്കിലും തരത്തിൽ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി. പണിമുടക്കുന്ന ജീവനക്കാരിൽ നിന്നും സർവീസ് തടസ്സപെടുന്നതുമൂലമുള്ള നഷ്ടം ഈടാക്കും എന്നും മാനേജ്‌മന്റ് അറിയിച്ചു.

അഞ്ചാം തീയിതിക്ക് മുമ്പായി ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് നീങ്ങിയത്. സി.ഐ.ടി.യുവും ഐ.എൻ.ടിയുസിയും ചീഫ് ഓഫീസിന് മുന്നിൽ സംയുക്ത പ്രതിഷേധത്തിലാണ്.