India Kerala

എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതല്‍

കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എംപാനല്‍ ജീവനക്കാര്‍ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റ് വളയലും ശയനപ്രദക്ഷിണവും നടത്തും. 3000ത്തിലേറെ പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്.

അതേസമയം കെ.എസ്.ആർ.ടി.സി എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കുന്നത് സംബന്ധിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട ശേഷം 1421 പേർ ജോലിയിൽ പ്രവേശിച്ചുവെന്നും 71 പേർ സമയം ചോദിച്ചുവെന്നും കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചിരുന്നു. 3941 പേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ട്. നിലവിൽ അവധിയിൽ ഉള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. അതിനു ശേഷം മാത്രമെ സ്ഥിരം ഒഴിവുകൾ കണക്കാക്കാനാകുവെന്നുമാണ് കെ.എസ്.ആർ.ടി.സി വിശദീകരണം നൽകിയിട്ടുള്ളത്.