Kerala

കെഎസ്ആർടിസിയ്ക്ക് വിപണി വിലയ്ക്ക് ഡീസൽ; ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ ഹർജികൾ ഇന്ന് പരിഗണിക്കും

കെഎസ്ആർടിസി യ്ക്ക് വിപണി വിലയ്ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികൾ നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.

ഈ മാസം 13 നാണ് കെഎസ്ആർടിസി നൽകിയ ഹർജിയിൽ സിംഗിൾ ബഞ്ച് അനുകൂല ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബഞ്ച് തങ്ങളുടെ വാദങ്ങൾ കൃത്യമായി മുഖവിലയ്ക്കെടുത്തില്ല. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ല എന്നിങ്ങനെയാണ് അപ്പീൽ ഹർജികളിൽ എണ്ണക്കമ്പനികളുടെ വാദം. ബിപിസിഎൽ, എച്ച്പിസി, ഐഒസി തുടങ്ങിയ പൊതു മേഖലാ എണ്ണക്കമ്പനികളാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലുകൾ നൽകിയത്. ബൾക്ക് പർച്ചേസ് വിഭാഗത്തിലുൾപ്പെടുത്തി എണ്ണക്കമ്പനികൾ ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ വർധിപ്പിച്ചതിനെതിരെയായിരുന്നു കെഎസ്ആർടിസി യുടെ ഹർജി.