ഡ്രൈവർ ക്ഷാമത്തിന് പിന്നാലെ ശമ്പളം മുടങ്ങിയതും കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇന്നലെ 300 ലേറെ സർവീസുകൾ മുടങ്ങി. മാനേജ്മെന്റിനെതിരെ തൊഴിലാളി സംഘടനകൾ സമരം ആരംഭിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ എംപാനൽ ജീവനക്കാരെ പിരിച്ച് വിട്ടതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി രൂക്ഷമായത്.ദിവസക്കൂലിക്ക് താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടും പ്രതിസന്ധി മറികടക്കാനായിട്ടില്ല. ഡ്രൈവർമാരില്ലാത്തതിനാൽ ഇന്നലെ മാത്രം 300ലേറെ സർവീസുകൾ റദ്ദാക്കി.കഴിഞ്ഞ ഒരാഴ്ചക്കിടെ 2500ലേറെ സർവീസുകളാണ് ഈ രീതിയിൽ മുടങ്ങിയത്. അവധി ദിവസമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ താല്‍ക്കാലിക ഡ്രൈവര്‍മാരെ ജോലിയ്ക്ക് നിയമിച്ചിരുന്നില്ല. ബുധനാഴ്ച ഇനി ഡ്യൂട്ടിയ്ക്ക് എത്തിയാല്‍ മതിയെന്നാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
അവധി കഴിഞ്ഞുള്ള ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നതിനാൽ വ്യാഴാഴ്ചയോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഇതിനിടെ സെപ്തംബര്‍ മാസത്തിലെ ശമ്പളം മുടങ്ങിയതോടെ തൊഴിലാളി യൂണിയനുകൾ സമരരംഗത്തേക്കിറങ്ങി. ഭരണപക്ഷത്തുളള സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയുമാണ് ഇന്നലെമുതൽ സമരം തുടങ്ങി.ഓരോ മാസവും സർക്കാർ നൽകാറുളള സഹായം 15 കോടിയായി കുറച്ചതാണ് ശമ്പളവിതരണം അനിശ്ചിതത്വത്തിലാക്കിയത്.