India Kerala

കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റ് നടപടി തുടങ്ങി

ഡ്രൈവര്‍മാരുടെ കുറവ് മൂലം കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ മുടങ്ങുന്നത് തുടരുന്നു. ഇന്ന് ഉച്ചവരെ മാത്രം മുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി. ശമ്പള വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ മാനേജ്മെന്റ് നടപടി തുടങ്ങി.

എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ തുടർച്ചയായ 10ാംദിവസമാണ് കെ.എസ്.ആര്‍.ടി.സിയിൽ സർവീസുകൾ മുടങ്ങുന്നത്.ഡ്രൈവർമാർ ഇല്ലാത്തതിനാൽ ഇന്ന് 321 സർവീസുകൾ ഇതുവരെയായി റദ്ദാക്കി.തെക്കൻമേഖലയിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ റദ്ദാക്കിയത്.141 എണ്ണം.ഇന്നലെ 1352 സർവീസുകൾ മുടങ്ങിയിരുന്നു. താൽക്കാലിക ജീവനക്കാരെ ഒരു ദിവസത്തേക്ക് നിയമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാനായിട്ടില്ല. അതിനിടെ ജീവനക്കാർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന് പിന്നാലെ ശമ്പള വിതരണത്തിനുളള നടപടികൾ മാനേജ്മെന്റ് തുടങ്ങി. ഓപ്പറേഷൻ വിഭാഗത്തിലെ 80 ശതമാനം ജീവനക്കാർക്ക് ആദ്യഘട്ടത്തിൽ ശമ്പളം നൽകി.

സർക്കാറിൽ നിന്ന് പ്രതിമാസ ധനസഹായമായി 16 കോടി രൂപ കിട്ടിയതോടെയാണ് ശമ്പളം വിതരണം ചെയ്തത്.വരും ദിവസങ്ങളിലെ വരുമാനത്തിൽ നിന്ന് ബാക്കിയുളളവർക്ക് ശമ്പളം നൽകാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആര്‍.ടി.സി. നേരത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പൂവാർ ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാരൻ ബസ് തടഞ്ഞിരുന്നു.ഇയാളെ പിന്നീട് സസ്പെൻഡ് ചെയ്തു. സസ്പെൻഷനെതിരെ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചിട്ടുണ്ട്.