എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി തുടരുന്നു. കൂടുതല്‍ സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയേക്കും. പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും ഹൈകോടതിയെ സമീപിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്.
ഡ്രൈവർമാരില്ലാത്തതിനാൽ സംസ്ഥാനത്താകെ ഇന്നലെ കെ.എസ്.ആര്‍.ടി.സിയുടെ 637 സർവീസുകളാണ് മുടങ്ങിയത്.തെക്കൻ മേഖലയിൽ 339 ഉം,സെൻട്രൽ മേഖലയിൽ – 241ഉം വടക്കൻ മേഖലയിൽ – 57 ഉം സർവീസുകൾ മുടങ്ങി. 2 ദിവസങ്ങളിലായി 1200ഓളം സർവീസുകളാണ് കെഎസ്ആർടിസി നിർത്തിവെച്ചത്. എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ബസുകള്‍ എടുത്തതിന് ശേഷം മാത്രം ഓര്‍ഡിനറികള്‍ സര്‍വീസ് നടത്താനുളള തീരുമാനം മിക്കയിടങ്ങളിലും യാത്രക്കാരെ ബാധിച്ചു. സര്‍വീസുകള്‍ റദ്ദാക്കിയത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്.
ഒരു കോടിയോളം രൂപയാണ് പ്രതിദിന നഷ്ടം. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുക. തിരക്കുള്ള ദിവസം യാത്രാ ക്ലേശം പരിഹരിക്കാൻ താൽക്കാലിക ജീവനക്കാരെ ഒരു ദിവസത്തേക്ക് നിയമിക്കാമെന്ന് സുപ്രിം കോടതി നേരത്തെ വിധിച്ചിരുന്നു. ഇത് നടപ്പിലാക്കാനുളള സാധ്യതയും കെ.എസ്.ആര്‍.ടി.സി പരിശോധിക്കുന്നുണ്ട്.