കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി പരിഹരിച്ചു. പിരിച്ചുവിട്ട എം.പാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തിരിച്ചെടുക്കും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് തീരുമാനം.
ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2107 താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കിയത്. പ്രശ്‌ന പരിഹാരത്തിന് കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. കോടതി വിധി പ്രകാരം പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാര്‍ക്ക് പകരമായി ആവശ്യാനുസരണം ഡ്രൈവര്‍മാരെ ദിവസ വേതന പ്രകാരം ഡിപ്പോ അടിസ്ഥാനത്തില്‍ നിയമിക്കും.
അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പ്രവര്‍ത്തി പരിചയമുള്ളവരെയാണ് ദിവസ വേതനത്തിന് നിയമിക്കുക. പ്രവര്‍ത്തി പരിചയം കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. നാളെ തന്നെ പുനര്‍ നിയമനം നല്‍കാനാണ് യോഗത്തില്‍ തീരുമാനമായത്. ഡ്രൈവര്‍മാരില്ലാതെ ഇന്ന് സംസ്ഥാനത്ത് 390 സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി റദ്ദാക്കി. തെക്കന്‍ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. 293 സര്‍വീസുകള്‍ മുടങ്ങി. വടക്കന്‍ മേഖലയില്‍ 68, മധ്യമേഖലയില്‍ 29 സര്‍വീസുകള്‍ റദ്ദാക്കി.