കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാറുള്ള കണ്‍സെഷന്‍ ടിക്കറ്റ് നിര്‍ത്തിവെച്ചു. കണ്‍സഷനുള്ള ആറായിരത്തോളം അപേക്ഷകള്‍ കെട്ടിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് അപേക്ഷകള്‍ കെ.എസ്.ആര്‍.ടി.സി പരിഗണിക്കാത്തത്.
സ്കൂളിലും കോളജിലും പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ യാത്രക്ക് പ്രധാനമായും ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി അനുവദിക്കുന്ന കണ്‍സഷന്‍ ടിക്കറ്റിനെയാണ് . ടിക്കറ്റിന്റെ മൂന്നിലൊന്നില്‍ താഴെ തുകയാണ് കണസഷനായി ഈടാക്കുന്നത്. എന്നാല‍് മൂന്ന് മാസത്തോളമായി വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ ടിക്കറ്റ് കെ.എസ്.ആര്‍.ടി.സി കൊടുക്കുന്നില്ല. വിവിധ ഡിപ്പോകളിലായി ആറായിരത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് വിവരം.കണ്‍സഷന്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ നല്‍കേണ്ടി അവസ്ഥയാണിപ്പോള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളാണ് ഏറെ ദുരിതത്തിലാകുന്നത്.
കെ.എസ്.ആര്‍.ടി.സിക്ക് താങ്ങാനാകാത്ത വിധം അപേക്ഷകള്‍ വരുന്നതിനാലാണ് കണ്‍സഷന്‍ കൊടുക്കുന്നത് നിര്‍ത്തിയെന്നാണ് കെ.എസ്.ആര്‍.ടി.സി നല്‍കുന്ന വിശദീകരണം. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും വിവിധ കണ്‍സഷനുകള്‍ അനുവദിക്കുന്നതിലൂടെ വര്‍ഷവും 211 കോടി രൂപനഷ്ടമാകുന്നുണ്ട്. ഈ സാമൂഹിക ബാധ്യത കെ.എസ്.ആര്‍.ടി.സി വഹിക്കുന്നതിന് പരിഹാരമായി സര്‍ക്കാര്‍ സഹായം ലഭിക്കുന്നുമില്ലെന്നും കെ.എസ്.ആര്‍.ടി.സി പരാതിപ്പെടുന്നു.
കെ.എസ്.ആര്‍.ടി.സിക്ക് പറയാനുള്ളത് അവരുടെ സാമ്പത്തിക പ്രതിസന്ധി. വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് യാത്രാ ദുരിതവും. ഇടപെടേണ്ടത് സര്‍ക്കാരാണ്.