തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള യാത്രാക്കാർക്ക് വേണ്ടി കെഎസ്ആർടിസി ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസിന് തുടക്കമായി. പാപ്പനംകോട് നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി സർവീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി ആന്റണി രാജു സിറ്റിസർക്കുലർ, സിറ്റി ഷട്ടിൽ സർവീസുകളിൽ ആരംഭിച്ച ടുഡേ ടിക്കറ്റ് പുറത്തിറക്കി. നഗരത്തിലെ ആശുപത്രികൾ, ഓഫീസുകൾ, വാണിജ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സിറ്റി സർവീസിന്റെ രണ്ടാം ഘട്ടമായാണ് കെഎസ്ആർടിസി സിറ്റി ഷട്ടിൽ.
കെഎസ്ആർടിസിക്ക് പുതു ജീവൻ വച്ചതായി ഫ്ലാഗ് ഓഫ് നിർവഹിച്ച മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കെഎസ്ആർടിസിയെ രക്ഷിക്കാൻ വകുപ്പ് മന്ത്രിയും, സിഎംഡിയും നൂറ് മൈൽ സ്പീഡിൽ ഓടുകയാണ്. ആ ജാഗ്രത ജീവനക്കാരുടെ ഭാഗത്തും വേണം. പൊതുജനങ്ങൾക്ക് കെഎസ്ആർടിസിയോടുള്ള ഇഷ്ട്ടം വർധിപ്പിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ജനുവരി 15 വരെ ഒറ്റ സർക്കിൾ സർവീസ് അനുവദിച്ചിരുന്ന 10 രൂപ ടിക്കറ്റ് മാർച്ച് 31 വരെ നീട്ടിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി ആന്റണി രാജുവും അറിയിച്ചു. യാത്രക്കാർ കൂടുതൽ സഹകരിച്ചാൽ ഇനിയും 10 രൂപ ടിക്കറ്റിന്റെ കാലാവധി നീട്ടും. നഗരത്തിൽ പാരിസ്ഥിതിക പ്രശ്നം കുറയ്ക്കാനായി കെഎസ്ആർടിസി ഇനി വാങ്ങുന്ന ഇലക്ട്രിക് ബസുകളും, സിഎൻജി ബസുകളും നഗരത്തിലെ സർവീസിന് നൽകുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളുടെ ആവശ്യപ്രകാരം സർവീസ് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ അന്തിമതീരുമാനം എടുത്തതായും ഏപ്രിൽ മാസം സർവീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.