വിരമിച്ചവർക്കുള്ള യാത്രയപ്പുകൾ പതിവാണെങ്കിലും വ്യത്യസ്തമായ ഹൃദയാദരത്തിനാണ് ശനിയാഴ്ച ഒരു കെ.എസ്.ആർ.ടി.സി ബസ് വേദിയായത്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്ന സ്ഥിരം യാത്രക്കാരന് സഹയാത്രികരുടെ വക സ്നേഹം പൊതിഞ്ഞ യാത്രയയപ്പ്, അതും ബസിനുള്ളിൽ യാത്രക്കിടെ. ബസ് രണ്ട് മിനിട്ട് നിർത്തി ഡ്രൈവറും കണ്ടക്ടറും സഹകരിച്ചതോടെ ചടങ്ങും കെങ്കേമമായി. തിരുവനന്തപുരം ഇറിഗേഷൻ വിഭാഗം ചീഫ് എഞ്ചിനിയറുടെ ഓഫീസിൽ നിന്ന് 27 വർഷത്തെ സേവനം പൂർത്തിയാക്കി ജൂനിയർ സൂപ്രണ്ടായി വിരമിച്ച മണികണ്ഠനാണ് വേറിട്ട ആദരവ് ഏറ്റുവാങ്ങിയത്. ഓയൂർ, പള്ളിക്കൽ, മടവൂർ, പോങ്ങനാട് മേഖലയിൽ നിന്ന് തിരവനന്തപുരത്തെ വിവിധ ഓഫീസുകളിലുള്ളവർ വർഷങ്ങളായി ആശ്രയിക്കുന്ന സർവീസാണ് കിളിമാനൂർ ഡിപ്പോയുടെ ‘സെക്രട്ടറിയേറ്റ് ബസ്’. ഇതിലെ സ്ഥിരം യാത്രക്കാരുടെ വാട്ട്സാപ്പ് കൂട്ടായ്മയാണ് സംസ്ഥാനത്ത് ഒരു പക്ഷേ ആദ്യമായി ‘യാത്രക്കിടയിലെ യാത്രയയപ്പ്’ ഒരുക്കിയത്.
ചടങ്ങിനെ കുറിച്ച് മണികണ്ഠന് നേരിയ സൂചനയല്ലാതെ കാര്യമായ ധാരണയുണ്ടായിരുന്നില്ല. പതിവ് പോലെ ടിക്കറ്റെടുക്കാൻ കാശ് നൽകിയെങ്കിലും കണ്ടക്ടർ വാങ്ങിയില്ല, ടിക്കറ്റും നൽകിയില്ല. ചിരിയായിരുന്നു കണ്ടക്ടറുടെ മറുപടി. അദ്ദേഹത്തിനുള്ള ടിക്കറ്റ് നേരത്തെ തന്നെ യാത്രക്കാരിലൊരാൾ എടുത്തിരുന്നു. പോങ്ങനാട് പിന്നിട്ട് അൽപ്പദൂരം പിന്നിട്ടതോടെ ആരും ഇറങ്ങാനോ കയറാനോ ഇല്ലാതെ ബസ് നിന്നു. ഡ്രൈവർ പിന്നിലേക്ക് നോക്കി. സ്ഥിരം യാത്രക്കാർക്ക് കാര്യം പിടികിട്ടിയെങ്കിലും വിരലിലെണ്ണാവുന്ന മറ്റുള്ളവർക്ക് അമ്പരപ്പ്. യാത്രക്കാരെല്ലാം എഴുന്നേറ്റു നിന്നു. പിന്നാലെ സഹയാത്രികരുടെ പ്രിയപ്പെട്ട ‘മണികണ്ഠൻ സാറിനെ മുന്നിലേക്ക് ക്ഷണിച്ചു. സെക്കൻറുകൾക്കുള്ളിൽ ബസ് സമ്മേളനവേദിക്ക് സമാനമായി. ചുരുക്കം ചില വാക്കുകളിൽ ആമുഖം. പിന്നാലെ സഹയാത്രികരുടെ വക ആദരവ്. മുഹമ്മദ് ജാസി മണികണ്ഠനെ പൊന്നാടയണിച്ചു. ആദ്യ കാലത്ത് ട്രെയിനിലെ സഹയാത്രികനായിരുന്ന കാര്യം ഓർമ്മിച്ച് ഏതാനും വാക്കുകൾ. പിന്നാലെ മനോജ് സഹയാത്രികരുടെ വകയായുള്ള മൊമേൻറാ കൈമാറി. ഈ സ്നേഹം മനസിൽ എന്നെന്നും മായാതെ നിലനിൽക്കുമെന്ന മറുപടി വാക്കുകൾ കൈയ്യടിയോടെയാണ് ബസ്സിലുള്ളവർ എതിരേറ്റത്. കടലിന്നടിയിലെയും ആകാശത്തെയും വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും ബസ്സിലെ യാത്രയയപ്പ് ആദ്യമായിട്ടായിരിക്കും. ഈ യാത്രയയപ്പ് മരിച്ചാലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ബസ്സിനുള്ളിൽ മധുരവിതരണവും നടന്നു. നഗരത്തിലെത്തിയതോടെ ഓരോ സ്റ്റോപ്പിലും ഇറങ്ങാനുളളവരെത്തി ആശംസയർപ്പിച്ച് ഹസ്തദാനവും ചെയ്താണ് ബസ്സിറങ്ങിയത്.
ബസിന്റെ സ്ഥിതിവിവരം, സീറ്റ് വിവരം തുടങ്ങിയ കാര്യങ്ങൾ കൈമാറുന്നതിന് വേണ്ടിയാണ് ‘സെക്രട്ടറിയേറ്റ് ബസ്’ എന്ന പേരിൽ സ്ഥിരം യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മ തുടങ്ങുന്നത്. ആദ്യ പോയിൻറിൽ നിന്ന് കയറുന്നവർ ബസ് എവിടെ എത്തിയെന്നതും സീറ്റൊഴിവുമെല്ലാം ഗ്രൂപ്പിലിടുന്നതാണ് രീതി.