Kerala

കെഎസ്ആര്‍ടിസിക്ക് 360 പുതിയ ബസുകള്‍ വാങ്ങാന്‍ അനുമതി; വാങ്ങുക വൈദ്യുതി, സിഎന്‍ജി ബസുകള്‍

കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്‍കി. ഫാസ്റ്റ് പാസഞ്ചര്‍ – 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ – 310 എണ്ണം( സിഎന്‍ജി ) ഉള്‍പ്പെടെയുള്ളവ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

പദ്ധതിയുടെ ആകെ ചിലവായ 286.50 കോടി രൂപയില്‍ 27.50 കോടി രൂപ ( 50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിന് ) കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ കീഴില്‍ സബ്‌സിഡി ലഭ്യമാകും, ശേഷിക്കുന്ന തുകയായ 259 കോടി രൂപ കിഫ്ബിയില്‍ നിന്നും നാല് ശതമാനം പലിശ നിരക്കിലുള്ള വായ്പയായാണ് ലഭിക്കുക. ധനമന്ത്രി ടി.എം. തോമസ് ഐസക് ചെയര്‍മാനായ കിഫ്ബി ബോര്‍ഡ് നേരത്തെ കെഎസ്ആര്‍ടിസിക്ക് തുക അനുവദിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.

ഡല്‍ഹി കഴിഞ്ഞാല്‍ തിരുവനന്തപുരത്തെ ഗ്രീന്‍ സിറ്റിയാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ഈ പദ്ധതി നടപ്പിലാക്കുക. മൂന്ന് വര്‍ഷത്തിനകം സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരത്ത് പൂര്‍ണമായി നടപ്പിലാക്കാനാണ് ശ്രമം. ഇതിനായി ആനയറയില്‍ ഇപ്പോള്‍ സിഎന്‍ജി പമ്പ് വന്നിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ പമ്പ് ആരംഭിക്കുന്നതിന് വേണ്ടി ഓയില്‍ കമ്പനികള്‍ പഠനം നടത്തി വരുകയാണ്.

എല്‍എന്‍ജിയുടെ വില മാര്‍ക്കറ്റില്‍ വളരെ കുറവാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 44 രൂപയ്ക്കാണ് ഒരു കിലോ എല്‍എന്‍ജി നല്‍കുന്നത്. സിഎന്‍ജിയുടെ വില 57.3 രൂപയും. ഇപ്പോള്‍ ഡീസല്‍ വാങ്ങുന്നത് ലിറ്ററിന് 71 രൂപക്ക് വരെയാണ് നല്‍കേണ്ടി വരുന്നത്. പുതിയ രീതിയില്‍ മാറിയില്‍ ഏകദേശം 30 ശതമാനത്തിനകത്ത് ഫ്യൂവല്‍ ചെയ്ഞ്ച് വഴി സാമ്പത്തികം ലാഭിക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്ക് കൂട്ടല്‍.