Kerala

കെ.എസ്.എഫ്.ഇ ശാഖകളില്‍ റെയ്ഡ്; വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. റെയ്ഡ് ഓപ്പറേഷൻ ബചത് എന്ന പേരിൽ. 40 ബ്രാഞ്ചുകളിൽ നടന്ന റെയ്ഡിൽ 35 ലും ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലന്‍സ്. നിയമവിരുദ്ധമായി കൊള്ള ചിട്ടി നടത്തുന്നതും കണ്ടെത്തി.

വൻതുക മാസ അടവുള്ള ചിട്ടികൾക്ക് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലെന്ന് സംശയം. മാസം രണ്ട് ലക്ഷം രൂപ മുതല്‍ പത്തുലക്ഷം വരെ ചിട്ടിയില്‍ അടക്കുന്നവരുടെ സാമ്പത്തിക സ്രോതസ്സില്‍ വിജിലന്‍സ് സംശയം ഉയര്‍ത്തുന്നുണ്ട്. ഇത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമാണോ എന്നും വിജിലന്‍സ് സംശയിക്കുന്നു.

ചിട്ടികളിലെ ആദ്യ ഗഡു ട്രഷറികളിലോ ബാങ്കുകളിലോ നിക്ഷേപിക്കാത്തതായും കണ്ടെത്തൽ. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ ചിട്ടികളിൽ ചേരാൻ ആളില്ലാതെ വരുമ്പോൾ കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്നും ചിട്ടിയടച്ച് ചില മാനേജർമാർ കള്ളക്കണക്ക് തയാറാക്കുന്നതായും കണ്ടെത്തൽ.

ഇന്നലെ രാത്രി വൈകിയും റെയ്ഡ് തുടര്‍ന്നു. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് പല കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന.

റെയ്ഡ് ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വിജിലൻസ് പരിശോധന നടത്തിയത്.