India Kerala

ശാന്തിവനം സ്വാഭാവിക വനമല്ലെന്ന് കെ.എസ്.ഇ.ബിയുടെ സത്യവാങ്മൂലം

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ടവർ പദ്ധതി അന്തിമ ഘട്ടത്തിലായിരിക്കെ അത് തടസപ്പെടുത്താനാണ് ഭൂവുടമ പരാതി ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ശാന്തിവനം സ്വാഭാവിക വനമല്ലെന്നും കേരള ജൈവ വൈവിധ്യ ബോർഡിന്‍റെ പരിധിയിൽ ഈ സ്ഥലമില്ലെന്നുമാണ് കെ.എസ്.ഇ.ബിയുടെ വാദം.

പദ്ധതിയുടെ ഭാഗമായി ഇനി രണ്ട് കിലോമീറ്ററോളം ലൈൻ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഈ ഘട്ടത്തിൽ അലൈൻമെൻറ് മാറ്റുന്നത് കൂടുതൽ ഭൂവുടമകളുടെ പരാതിക്കിടയാക്കുമെന്നും പദ്ധതി വൈകുമെന്നും കെ.എസ്.ഇ.ബി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ശാന്തിവനത്തിൽ പരമാവധി 40 വർഷം വരെ പ്രായമുള്ള മരങ്ങൾ മാത്രമാണുള്ളത്. വിജ്ഞാപനം ചെയ്ത വനഭൂമിയല്ലെന്ന് വനംവകുപ്പ് അസി. കൺസർവേറ്റർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ദേശീയപാത വികസനത്തിനായി ഇവിടെ ഭൂമി ഏറ്റെടുത്തിരുന്നു. ദേശാടനപ്പക്ഷികളുടെ സങ്കേതമാണെന്നും വിവിധയിനം ജീവജാലങ്ങളെ സംരക്ഷിക്കുന്നെന്നുമുള്ള വാദം സ്ഥാപിത താൽപര്യത്തിനു വേണ്ടി ഉയർത്തുന്നതാണ്. എതിർപ്പിനെ തുടന്ന് പദ്ധതി വൈകുന്നത് മൂലം 7.8 കോടി രൂപയിൽ നടക്കേണ്ട പദ്ധതിയുടെ ചെലവ് 30.47 കോടി രൂപയായി വർധിച്ചു.

ഭൂമിയിലെ കാവിൽ ഏപ്രിൽ 20നും 21നും നൂറും പാലും പൂജയുള്ളതിനാൽ പണി നടത്തരുതെന്ന് ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രദേശവാസികൾ കാവിൽ വിളക്ക് തെളിക്കുന്നുണ്ടെന്നും പാലഭിഷേകം നടത്തുന്നുണ്ടെന്നും പറയുന്നത് ശരിയല്ല. ടവർ സ്ഥാപിക്കുന്നത് പൂജ നടത്തുന്നതിനോ ആരാധിക്കുന്നതിനോ തടസമല്ലെന്നും വിശദീകരണത്തിൽ പറയുന്നു.