തിരുവനന്തപുരം: കെ എസ് ഇ ബിയിലെ(kseb) ഇടത് യൂണിയനുകളുടെ (citu union)അനിശ്ചിതകാല സമരം(strike) ഒത്തുതീർപ്പിലേക്ക്. ഇടത് യൂണിയനുകളുടെ സമര സമിതി പ്രതിനിധികളും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയത്. വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് ഏർപ്പെടുത്തിയ എസ് ഐ എസ് എഫ് സുരക്ഷ തുടരണോ വേണ്ടയോ എന്നതിൽ ഇടത് ട്രേഡ് യൂണിയനുകൾക്ക് സ്വീകാര്യമായ തീരുമാനം എടുക്കാനും തീരുമാനമായി. കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകുമായി നാളെ ചർച്ച നടത്തിയശേഷം സമരം പിൻവലിക്കുന്ന തീരുമാനം അന്തിമമായി പറഞ്ഞേക്കും.
അനിശ്ചിതകാല സമരം സർക്കാരിനെ പ്രതികൂലമായി ബാധിച്ചതിനാലും ഇത് രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉപയോഗിച്ച സാഹചര്യത്തിലുമാണ് ട്രേഡ് യൂണിയനുകൾക്ക് കൂടി സ്വീകാര്യമായ ഒരു ധാരണയിലേക്കെത്താൻ കഴിഞ്ഞ ദിവസം ചേർന്ന മുന്നണി തല യോഗത്തിൽ തീരുമാനമായത്. നിയമസഭയിലടക്കം അഴിമതി ആരോപണം ശക്തമാക്കാൻ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. എകെജി സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം കെഎസ്ഇബിയിലെ തർക്കം തീർക്കാൻ ഫോർമുലയായെന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു. എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, മുൻ വൈദ്യുതി മന്ത്രി എം എം മണി എന്നിവരാണ് എകെജി സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ പങ്കെടുത്തത്.ഈ ചർച്ചയിലെ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് ഇന്ന് മന്ത്രി ട്രേഡ‍് യൂണിയനുകളുമായി ചർച്ച നടത്തി ഒത്തുതീർപ്പിലേക്ക് എത്തിയത്.
അതേസമയം വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട ഭൂമി കൈമാറ്റത്തിലടക്കം വസ്തുതകൾ വ്യക്തമാക്കി ട്രേഡ് യൂണിയനുകൾക്ക് മറുപടി നൽകിയ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി അശോക് തെറ്റായി എന്തെങ്കിലും ചെയ്തതായി അറിയില്ലെന്ന നിലപാടിൽ തുടരുകയാണ് വൈദ്യുതി മന്ത്രി . ചെയർമാനെ മാറ്റിയാൽ അത് പ്രപതിപക്ഷം നിയമസഭയിലടക്കം ആയുധമാക്കുമെന്നതിനാൽ അത്തരമൊരു തീരുമാനത്തിലേക്ക് ഈ ഘട്ടത്തിൽ പോകാനും സർക്കാർ തയാറാകില്ല.
കെ എസ് ഇ ബിയുടെ ഭൂമി പല ഇടങ്ങളിലും കരാറിന് കൊടുത്തത് നിയമവിരുദ്ധമാണെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോകിന്റെ ഫഎയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. മാത്രവുമല്ല , കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെ എസ് ഇ ബിയുടെ ഭൂമിയിലേറെയും പാട്ടത്തിന് കിട്ടിയത് ഇടത് യൂണിയനുകൾ ഭരിക്കുന്ന സൊസൈറ്റികൾക്കായിരുന്നു. പുറമ്പോക്ക് ഭൂമി കെ എസ് ഇ ബി , മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ മരുമകൻ അധ്യക്ഷനായ സൊസൈറ്റിക്ക് പാട്ടത്തിന് നൽകിയ രേഖകളും പുറത്തുവന്നു. ഹൈഡൽ ടൂറിസം പദ്ധതിക്കായാണ് ഈ ഭൂമി നൽകിയത്.
തുടർന്ന് ഭൂമി കൈമാറ്റങ്ങളെല്ലാം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.ഇതിനെ പരിഹസിച്ച് എം എം മമിയും രംഗത്ത് വന്നു. ഹൈഡൽ ടൂറിസത്തിന് ഭൂമി നൽകിയത് നിയമാനുസൃതമായിട്ടാണെന്നും രാജക്കാട് സൊസൈറ്റിക്ക് നൽകിയതും നിയമപ്രകാരമാണെന്നും മണി പറഞ്ഞു. കെഎസ്ഇബി ചെയർമാൻ തുടരണമോയെന്ന് വൈദ്യുതമന്ത്രിയോട് ചോദിക്കുവെന്നും ഡോ ബി അശോക് സെക്രട്ടറിയായിരുന്നപ്പോഴാണ് പാട്ടക്കരാറിൽ ഭൂമി നൽകിയതെന്നും എം എം മണി പറഞ്ഞു.
സ്ഥലം പാട്ടത്തിന് നൽകുന്നതിൽ ബോർഡാണ് എല്ലാ തീരുമാനവും എടുത്തത്. നിയമപ്രകാരമാണ് എല്ലാം ചെയ്തത്. 850 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ക്രമക്കേട് നടന്നുവെന്നും ആര്യാടൻ വൈദ്യുത മന്ത്രിയായിരുന്നപ്പോൾ മകനും ചേർന്ന് സ്വന്തക്കാർക്കും ബന്ധുകൾക്കും ഭൂമി പാട്ടത്തിന് നൽകിയതിന് തെളിവുണ്ടെന്നും എം എം മണി പറഞ്ഞു. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു തൻ്റെ നിലപാട്. അന്വേഷണത്തിന് ശുപാർശ ചെയ്തതുമാണ്. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ എന്തു സംഭവിച്ചു എന്നറിയില്ല. വൈദ്യുത ഭവൻ ആസ്ഥാനത്തിന് എസ് ഐ എസ് എഫ് സുരക്ഷ ആവശ്യമില്ലെന്നും തെറ്റ് ചെയ്യാത്തവർക്ക് ഒന്നും പേടിക്കാനില്ലെന്നും അവർക്ക് സുരക്ഷയുടെ ആവശ്യമില്ലെന്നും മണി പറഞ്ഞു.
അതേസമയം, കെ എസ് ഇ ബി അഴിമതി ആരോപണത്തിൽ മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. കെ എസ് ഇ ബി ഭൂമി കൈമാറ്റത്തിലൂടെ മുൻ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ബന്ധുക്കൾക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശൻ ആരോപിച്ചു. നൂറ് കണക്കിന് ഭൂമിയാണ് ചട്ടവിരുദ്ധമായി കൈമാറിയത്. വൈദ്യുത ബോർഡിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ഇത്തരത്തിലുള്ള അഴിമതിയെത്തുടർന്നാണ്. അതിനാൽ വൈദ്യുതി ചാർജ് വർദ്ധന നടപ്പാക്കി ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുത്. കെ എസ് ഇ ബി ഹൈഡൽ ടൂറിസം പദ്ധതിയിലെ ഭൂമി കൈമാറ്റം നിയമവിരുദ്ധമായിട്ടാണെന്ന് റവന്യൂ വകുപ്പ് തന്നെ പറഞ്ഞുവെന്നും ഭൂമി കൈമാറ്റം റദ്ദാക്കി സമഗ്രമായ അന്വേഷണം നടത്താൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇതിനിടെ എം എം മണിക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തി.അഴിമതി നടന്നുവെങ്കില്‍ എന്ത് കൊണ്ട് കഴിഞ്ഞ ആറ് വർഷം എൽഡിഎഫ് ഭരിച്ചിട്ടും നടപടി എടുത്തില്ലെന്ന് ഉമ്മൻചാണ്ടി ചോദിച്ചു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് അഴിമതി ഇല്ലാത്തതുകൊണ്ടാണ് എൽഡിഎഫ് സർക്കാർ നടപടി എടുക്കാത്തത്. സർക്കാരിന് എതിരെ ആക്ഷേപം ഉയരുമ്പോള്‍ രക്ഷനേടാനുള്ള അടവാണ് ഇത്തരം പ്രസ്താവനകളെന്നും ഉമ്മൻചാണ്ടി പറഞ്ഞു.