Kerala

അവസാനിക്കാതെ കെഎസ്ഇബി പോര്; മാനേജ്‌മെന്റിനെതിരായ അനിശ്ചിതകാല സമരം തുടരുന്നു

കെസ്ഇബിയില്‍ മാനേജ്‌മെന്റിനെതിരെ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നും തുടരും. സംഘടനാ ഭാരവാഹികള്‍ക്കെതിരെ മാനേജ്‌മെന്റ് സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതേസമയം വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായുള്ള ചര്‍ച്ച ഇന്നുണ്ടാകില്ല.

നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സ്ഥലംമാറ്റം ഉള്‍പ്പടെയുള്ള നടപടികള്‍ അംഗീകരിക്കില്ലെന്നാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്. പണിമുടക്കില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ചെയര്‍മാന്‍ മാപ്പ് പറയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ വൈദ്യുതി ഭവന്‍ വളയും. പ്രതിഷേധം ശക്തമാകുമ്പോഴും സമവായം നീളുകയാണ്.

ഇന്ന് നടക്കുമെന്ന് കരുതിയ മന്ത്രിതല ചര്‍ച്ചയില്‍ വ്യക്തതായായിട്ടില്ല. പാലക്കാട്ടെ ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് തിരുവനന്തപുരത്തെത്തില്ല. മന്ത്രി തലസ്ഥാനത്ത് എത്തിയ ശേഷമാകും തുടര്‍ചര്‍ച്ചകള്‍.

അതേസമയം ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ എംജി സുരേഷ്‌കുമാര്‍, ബി ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സ്ഥലം മാറ്റം പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍കുകയാണ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബി അശോക്. സസ്‌പെന്‍ഷന്‍ ചെയ്യപ്പെട്ടവരെ അതേ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുക്കില്ലെന്ന കീഴ്‌വഴക്കം വ്യക്തമാക്കി ബോര്‍ഡ് വിശദീകരണക്കുറിപ്പിറക്കാനും സാധ്യതയുണ്ട്.