Kerala

വൈദ്യുതി‍ ഭവന് മുന്നിൽ ഭരണാനുകൂല സംഘടനയുടെ സത്യാഗ്രഹം ഇന്ന് മുതൽ

വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. നാളെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രശ്നം പരിഹരിക്കുന്നതിന് ചെയർമാനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. യൂണിയൻ നേതാക്കളുമായും മന്ത്രി ചർച്ച നടത്തിയേക്കും.

നാളെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടേയും, സര്‍വ്വീസ് സംഘടനകളുടേയും പിന്തുണയോടെ സമരസഹായ സമിതി രൂപീകരിക്കും. അനൂകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. എംജി സുരേഷ് കുമാറിന്റേയും, ബി ഹരികുമാറിന്‍റേയും സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്‍റെ ഏകാധിപത്യ സമീപനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

അതേസമയം പ്രശ്നങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുക്കാൻ നിർദേശിച്ചതായി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. എന്നാൽ നേരത്തെ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ വീണ്ടുമൊരു ചർച്ചയ്ക്ക് സന്നദ്ധ‍രല്ലെന്ന നിലപാടിലാണ് സമരക്കാർ. കണ്ണൂരിൽ പാർട്ടി കോൺഗ്രസിന് ശേഷം മുഖ്യമന്ത്രിയും മറ്റു നേതാക്കളും ഇന്ന് തിരിച്ചെത്തും. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം