Kerala

കെഎസ്ഇബിയില്‍ അച്ചടക്കനടപടി തുടരുന്നു; ബി ഹരികുമാറിന് സസ്‌പെന്‍ഷന്‍

കെഎസ്ഇബിയില്‍ ഇടത് സംഘടനകളും ചെയര്‍മാനും തമ്മിലുള്ള പോരിനിടെ സംഘടനാ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി തുടരുന്നു. സംഘടനാ നേതാക്കള്‍ക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയര്‍മാന്‍ ബി അശോക്. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറിയവര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് ചെയര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്.

സര്‍വീസ് ലംഘനം നടത്തിയെന്ന് ആരോപിച്ച് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനേയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചെയര്‍മാന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടന ആരോപിക്കുന്നത്.

കെഎസ്ഇബിയിലെ വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും, സംഘടനയുമായി ചര്‍ച്ചക്ക് പോലും തയാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.