Kerala

സ്വകാര്യ വൈദ്യുതി ഉത്പാദന കമ്പനിക്ക് ആറുകോടി നല്‍കാനുള്ള ഉത്തരവിനെതിരെ കെഎസ്ഇബി നിയമനടപടിക്ക്

സ്വകാര്യ വൈദ്യുതി ഉത്പാദന കമ്പനിക്ക് ആറുകോടി നല്‍കാനുള്ള ഉത്തരവിനെതിരെ വൈദ്യുതി ബോര്‍ഡ് നിയമനടപടിക്കൊരുങ്ങുന്നു. വൈദ്യുതി ബോര്‍ഡിന്റെ അറിവോ സമ്മതമോ ഇല്ലാതെ ബോര്‍ഡിന്റെ ഗ്രിഡിലേക്ക് വൈദ്യുതി കടത്തവിട്ട വകയില്‍ ആറുകോടി രൂപ ഇന്‍സുല്‍ കമ്പനിക്ക് നല്‍കണമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെയാണ് വൈദ്യുതി ബോര്‍ഡ് നിയമനടപടിക്കൊരുങ്ങുന്നത്. റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും കമ്മിഷന്റെ ഉത്തരവ് അംഗീകരിക്കേണ്ടെന്നുമാണ് ബോര്‍ഡ് നിലപാട്.

ഹൈക്കോടതിയെയോ അപ്പ്‌ലെറ്റ് ട്രിബ്യൂണലിനെയോ സമീപിക്കാനാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. നിയമവിഭാഗത്തിന്റെ ഉപദേശം ലഭിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക. ഇന്‍സുല്‍ കമ്പനിയുടെ സ്വകാര്യ വൈദ്യുതി ഉത്പാദന നിലയം ഇടുക്കിയിലാണ് സ്ഥിതിചെയ്യുന്നത്. വൈദ്യുതി ബോര്‍ഡുമായി ഒപ്പിട്ട കരാര്‍ പ്രകാരം കമ്പനി ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുകയും കഞ്ചിക്കോടുള്ള ഫാക്ടറിയിലെ ആവശ്യം കഴിഞ്ഞതിനുശേഷം ബാക്കി വൈദ്യുതി ബോര്‍ഡിന് നല്‍കാമെന്നുമായിരുന്നു കരാര്‍. എന്നാല്‍ കൊവിഡ് മൂലം മാര്‍ച്ച്മാസം മുതല്‍ കഞ്ചിക്കോടുള്ള ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ ഗ്രിഡിലേക്ക് വൈദ്യുതി കടത്തിവിട്ടത്.