India Kerala

വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി

സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി. കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണ്. അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നതെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

വേനൽ കടുക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നില അവലോകനം ചെയ്യാനാണ് ചെയർമാന്റെ അധ്യക്ഷതയിൽ കെ.എസ്.ഇ.ബിയിലെ ഉന്ന ഉദ്യോഗസ്ഥർ യോഗം ചേർന്നത്.

ഡയറക്ടർ ഡിസ്ട്രിബൂഷൻ, ഡയറക്ടർ ജനറേഷൻ, നാലു മേഖല ചീഫ് എഞ്ചിനീർമാർ തുടങ്ങിയവർ പങ്കെടുത്തു. ആശങ്കയുളവാക്കുന്ന വിധം യാതൊരു സ്ഥിതി വിശേഷവും ഇപ്പോൾ നിലവിലില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കേരളത്തിന്‌ ആവശ്യമായ വൈദ്യുതി ലഭ്യമാണ്. പുറമെ നിന്ന് ലഭിക്കുന്നതും ഇവിടെ ഉത്പാദിപ്പിക്കുന്നതുമായ വൈദ്യുതി കൊണ്ട് തടസരഹിതമായി വൈദ്യുതി വിതരണം ചെയ്യാൻ കഴിയും. അതിനാൽ സംസ്ഥാനത്തു യാതൊരു വിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. അറ്റകുറ്റപണികൾക്കായി ചില സ്ഥലങ്ങളിൽ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫാക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി വിതരണം തടസ്സരഹിതമാക്കാനുള്ള കർശന നടപടികൾ കൈകൊള്ളണമെന്ന നിർദേശം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ചെയർമാൻ നൽകി.