Kerala

സഹകരണസംഘങ്ങൾക്ക് കെഎസ്ഇബി ഭൂമി കൈമാറിയത് നടപടിക്രമങ്ങൾ പാലിക്കാതെ

സഹകരണസംഘങ്ങൾക്ക് കെഎസ്ഇബി ഭൂമി കൈമാറിയത് നടപടിക്രമങ്ങൾ പാലിക്കാതെ. ഇടുക്കിയിൽ പത്തു സ്ഥലങ്ങളിലായി കൈമാറിയ ഭൂമികളിൽ പലതും സർക്കാരിൻറെയും കെഎസിഇബി ഫുൾ ബോർഡിൻറെയും അനുമതിയില്ലാതെയാണ്. ആനയിറങ്കൽ അണക്കെട്ടിൽ ഭൂമി കൈവശപ്പെടുത്തിയത് കടലാസ് സൊസൈറ്റിയാണ്. ( kseb land issue )

ഇടുക്കിയിൽ സിപിഐഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾക്കാണ് കൂടുതൽ സ്ഥലങ്ങളും കെഎസ്ഇബി പാട്ടത്തിനു നൽകിയത്. എന്നാൽ ഇതിൽ സർക്കാരിൻറെയും കെഎസിഇബിയുടെയും അനുമതിയുള്ളത് രണ്ടെണ്ണത്തിനു മാത്രമാണ്.

പ്രാദേശിക സഹകരണ സംഘങ്ങൾക്കൊപ്പം ചില കടലാസ് സൊസൈറ്റികൾക്കും ഭൂമി നൽകി. ആനയിറങ്കലിൽ മൾട്ടി ഡയമൻഷണൽ തിയേറ്റർ ആൻറ് ഹൊറർ ഹൌസിനായി കരാറെടുത്ത സ്പർശം ടൂറിസം ആൻറ് ചാരിറ്റബിൾ സൊസൈറ്റി അത്തരത്തിലൊന്നാണ്.

അനുമതി ഇല്ലാതെ കൈമാറ്റം നടന്നതിനെ തുടർന്ന് ആനിറങ്കൽ ഉൾപ്പെടെ പലയിടത്തും ടൂറിസം പദ്ധതികൾ നടത്തുന്നത് കെഎസ്ഇബി തടഞ്ഞിരിക്കുകയാണ്. വളരെ കുറഞ്ഞ വരുമാനം കെഎസിഇബിക്ക് ലഭിക്കുന്ന തരത്തിലാണ് കരാർ. ഇത്തരത്തിൽ വരുമാനം കുറഞ്ഞതിനെ തുടർന്ന് മൂന്നാർ ഹൈഡൽ പാർക്കിൻറെ കരാർ പുനപരിശോധിക്കാൻ ഹൈഡൽ ടൂറിസം ഡയറക്ടർ കത്തു നൽകിയിട്ടുണ്ട്. അനുമതി ഇല്ലാത്ത കൈമാറ്റങ്ങൾ നിയമ വിധേയമാക്കണോ എന്ന വിഷയത്തിൽ ഈ മാസം അവസാനം നടക്കുന്ന കെഎസ്ഇബി ഫുൾ ബോർഡ് തീരുമാനം എടുക്കും.