വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല സ്തംഭിക്കും. അവശ്യസേവനങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക. വൈദ്യുതി ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിയമഭേദഗതിയിൽ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായാണ്, കെഎസ്ഇബി ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കുന്നത്. ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. അവശ്യസേവനങ്ങളെ മാത്രമാണ് പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.
ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസൻസികൾക്ക് പ്രവർത്തനാനുമതി നൽകുന്നതാണ് കേന്ദ്രത്തിന്റെ സുപ്രധാന ഭേദഗതി. ഇത് നിലവിൽ വരുന്നതോടെ സ്വകാര്യ കമ്പനികൾക്ക് കേരളത്തിന്റെ വൈദ്യുതി മേഖലയിലേക്ക് കടന്നു വരാൻ കഴിയും.ഇതോടെ കർഷകർക്കും മറ്റു ജനവിഭാഗങ്ങൾക്കും കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതും ക്രോസ് സബ്സിഡിയും ഇല്ലാതാകും. ഒരു മെഗാ വോൾട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താകൾക്ക് ഓപ്പൺ ആക്സിസ് വഴി വൈദ്യുതി വാങ്ങാൻ അനുവദിക്കുന്നത് മേഖലയെ തകർക്കുമെന്നും ആരോപണമുണ്ട്.