കേരളത്തില്‍ വൈദ്യുതി ചാര്‍ജ് കൂട്ടി. 50 യൂണിറ്റ് വരെ 18 രൂപ വർധിക്കും. 250 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 275 രൂപയുടെ വര്‍ധനവുണ്ടാകും. നിരക്ക് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കെ.എസ്ഇബി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ബി.പി.എല്ലിന് നിരക്ക് വര്‍ധന ബാധകമാകില്ല. എൻഡോസൾഫാൻ ഇരകൾക്ക് 150 യൂണിറ്റ് വരെ നിരക്ക് 1 രുപ 50 പൈസയാക്കി.
ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച നിരക്ക് വര്‍ധനവാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചത്. വിവിധ സ്ലാബുകളില്‍ യൂണിറ്റിന് 25 പൈസ മുതല്‍ 40 പൈസ വരെയാണ് വര്‍ദ്ധനവ്. ഫിക്‌സഡ് ചാര്‍ജിനും വര്‍ദ്ധനവുണ്ട്. മാസം 50 യൂണിറ്റ് സിംഗിള്‍ ഫേസ് വരെ ഉപയോഗിക്കുന്നവര്‍ക്കുള്ള ഫിക്‌സഡ് ചാര്‍ജ് 30 ല്‍ നിന്നും 35 ആക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ത്രീ ഫേസ് കണക്ഷന് 80 രൂപയില്‍ നിന്നും 90 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രതിമാസം 150 യൂണിറ്റ് വരെ 1.50 പൈസ നിരക്കില്‍ നല്‍കിയാല്‍ മതിയാകും. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് അറിയിച്ചു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 18 രൂപയും,100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 42 രൂപയും,125 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 60 രൂപയും,150 യൂണിറ്റ് വരെ 67 രൂപയും വര്‍ധിക്കും.
ചെറുകിട,ഐ.ടി വ്യവസായങ്ങള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ 50 രൂപ വരെയും, കൃഷി ആവശ്യങ്ങള്‍ക്കുള്ള ഫിക്‌സഡ് ചാര്‍ജില്‍ 2 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വന്‍കിട വ്യവസായങ്ങള്‍ക്ക് ഫിക്‌സഡ് ചാര്‍ജ് 40 രൂപയും, യൂണിറ്റ് നിരക്ക് 25 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം കെ.എസ്.ഇ.ബിക്ക് 902 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്.