Kerala

കെഎസ്ഇബിയിലെ തര്‍ക്കപരിഹാരം; വൈകിട്ട് നാലിന് സമരക്കാരുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തും

കെഎസ്ഇബിയിലെ തര്‍ക്കം തുടരുന്നതിനിടെ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കെഎസ്ഇബി മാനേജ്‌മെന്റ്. ഓഫിസ് അസോസിയേഷനുമായി വൈകിട്ട് നാല് മണിക്ക് മാനേജ്‌മെന്റ് ചര്‍ച്ച നടത്തും. ഫിനാന്‍സ് ഡയറക്ടര്‍ വി ആര്‍ ഹരി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.

ബോര്‍ഡ് തലത്തില്‍ പ്രശ്‌നം പരിഹരിക്കണമെന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചെയര്‍മാനും ഓഫീസേഴ്‌സ് അസോസിയേഷനും തമ്മില്‍ ചര്‍ച്ച നടത്തുക. സസ്‌പെന്‍ഷനില്‍ ഉള്ള സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ്‌കുമാറും സെക്രട്ടറി ബി. ഹരികുമാറും ഇന്നലെ ചെയര്‍മാന് വിശദീകരണം നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പ്രതിഷേധക്കാരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.

അതിനിടെ സസ്‌പെന്‍ഷനിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍ ബാനുവിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി അനുവദിച്ച അഞ്ച് ദിവസം ഇന്നവസാനിക്കും. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്.
പട്ടം കെഎസ്ഇബി ആസ്ഥാനത്ത് തുടരുന്ന അനിശ്ചിത കാല സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.