Kerala

കെ.എസ് അരുണ്‍ കുമാര്‍ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കെ.എസ് അരുണ്‍ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുണ്‍കുമാര്‍. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ അരുണ്‍കുമാര്‍ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പിന് അധിക നാളുകളില്ല എന്നതുകൊണ്ടുതന്നെ ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു.

സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാര്‍ത്ഥിയാണ് കെ എസ് അരുണ്‍കുമാര്‍.

ഭാരത് മാതാ കോളജ് മുന്‍ അധ്യാപിക കൂടിയായ കൊച്ചുറാണി ജോസഫ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് അരുണ്‍കുമാറിനൊപ്പം പരിഗണനയിലുണ്ടായിരുന്നത്.

നാളെ തിരുവനന്തപുരത്ത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനാണ് മണ്ഡലത്തിന്റെ പൂര്‍ണ മേല്‍നോട്ട ചുമതല. അമേരിക്കയില്‍ നിന്ന് ഈ മാസം പത്തിന് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയും പ്രചാരണത്തിനെത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സാര്‍ത്ഥം അമേരിക്കയില്‍ തുടര്‍ന്നേക്കും.