India Kerala

കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്തണമെന്ന് കെ.പി.സി.സി

കൊച്ചി മേയറോട് തിരുവനന്തപുരത്ത് എത്താൻ കെ.പി.സി.സിയുടെ നിര്‍ദ്ദേശം. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് നിർദ്ദേശം നൽകിയത്. കൊച്ചി മേയര്‍ സൗമിനി ജെയ്‍നിനെ തല്‍സ്ഥാനത്തു നിന്നു മാറ്റാനുള്ള നിർദേശം ജില്ലാ നേതൃത്വം കെ.പി.സി.സിയെ അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിന് പിന്നാലെ മേയറെ മാറ്റാണമെന്നാവശ്യം പരസ്യമാക്കി മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. ജില്ലാ നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. നാളെ നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരിക്കും. സ്ഥാനമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. പാർട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് സൗമിനി ജെയ്ൻ പറഞ്ഞു.

മേയറെ നീക്കാൻ അണിയറയിൽ നീക്കങ്ങള്‍ തുടരുന്നതിനിടെ മേയർക്ക് പിന്തുണയുമായി കൗൺസിലർമാരും രംഗത്ത് എത്തി. അതേസമയം കെ.പി.സി.സി കൈക്കൊള്ളുന്ന തീരുമാനമായിരിക്കും അന്തിമമെന്ന് ജില്ലയിലെ മുതിർന്ന നേതാക്കളും വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ മേയറെ മാറ്റണമെന്ന തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിൽ അംഗങ്ങൾക്ക് അമർഷമുണ്ടെന്നാണ് സൂചന.