പാതി വഴിയിൽ മുടങ്ങിയ കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾ ഇന്ന് പുനരാരംഭിച്ചേക്കും. എങ്ങുമെത്താത്ത മെമ്പർഷിപ്പ് ക്യാമ്പയിൻ സജീവമാക്കുന്നതിനും നേതൃത്വം നടപടികൾ സ്വീകരിക്കും. രാജ്യസഭാ സീറ്റിൽ ആരെ സ്ഥാനാർഥിയാക്കണമെന്നതിൽ തീരുമാനം ഹൈകമാൻഡിന് വിട്ടേക്കുമെന്നാണ് സൂചന. ( kpcc revamp discussions )
അന്തിമഘട്ടത്തിൽ എത്തിയ പുനഃസംഘടനാ നടപടികൾ ഇപ്പോൾ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. ഏറ്റവുമൊടുവിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ നടത്തിയ ചർച്ചയിൽ മൂന്ന് ജില്ലകളുടെ കാര്യത്തിൽ മാത്രമാണ് ഏകദേശ തീരുമാനം ആയത്. പുനഃസംഘടനാ ചർച്ചകൾ ഇനിയുമേറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നുവെന്ന് ചുരുക്കം. എന്നാൽ സമയപരിമിതി നേതൃത്വത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. പുനഃസംഘടനാ നടപടികളിൽ മുങ്ങിപ്പോയ മെമ്പർഷിപ്പ് ക്യാമ്പയിനും സമയബന്ധിതമായി തീർക്കേണ്ടതുണ്ട്. 50 ലക്ഷം മെമ്പർഷിപ്പ് ആണ് നേതൃത്വത്തിന്റെ ലക്ഷ്യം. ഈ മാസം 31 ന് മുമ്പ് എല്ലാ നടപടികളും പരാതികൾക്കിടയില്ലാതെ പൂർത്തീകരിക്കുകയും വേണം.
സമയപരിമിതി കണക്കിലെടുത്ത്, പുനഃസംഘടനാ നടപടികൾ നിർത്തിവെച്ച് മെമ്പർഷിപ്പ് ക്യാമ്പയിനിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന അഭിപ്രായം ഒരു കോണിൽ ശക്തമാണ്. എന്നാൽ, മാസങ്ങൾ നീണ്ട നടപടികളിലൂടെ അന്തിമഘട്ടത്തിൽ എത്തിയ പുനഃസംഘടന ഉപേക്ഷിക്കാൻ നേതൃത്വം തയ്യാറാകുമോയെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാടാണ് നിർണായകം. രാജ്യസഭാ സ്ഥാനാർഥിയെയും കണ്ടെത്തണം.