India Kerala

കെ.പി.സി.സി പുനസംഘടന: മുതിര്‍ന്ന നേതാക്കള്‍ മടങ്ങി; ഹൈക്കമാന്‍ഡിന് അതൃപ്തി

കെ.പി.സി.സി പുനസംഘടന ചർച്ചകൾ പൂർത്തിയാക്കാതെ മുതിർന്ന നേതാക്കൾ നാട്ടിലേക്ക് മടങ്ങിയതിൽ ഹൈക്കമാന്‍ഡിന് അതൃപ്തി. ജംബോ പട്ടികയാണെന്ന വിവരങ്ങൾ പുറത്തു വന്നതോടെ കോൺഗ്രസിനകത്ത് വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. യുവ പ്രാതിനിധ്യം കുറവാണെന്ന പരാതി യൂത്ത് കോൺഗ്രസ് സോണിയ ഗാന്ധിയെ അറിയിച്ചു. ഹൈക്കമാന്‍ഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അതൃപ്തിയുണ്ട്.

അഞ്ച് വർക്കിങ് പ്രസിഡന്റുമാർ, 10 വൈസ് പ്രസിഡന്റുമാർ, 30 ജനറൽ സെക്രട്ടറിമാർ, 50 സെക്രട്ടറിമാർ എന്നിങ്ങനെ നൂറോളം വരുന്ന ഭാരവാഹികളുടെ ജംബോ പട്ടികയാണ് അന്തിമ ചർച്ചകളിൽ ഉള്ളത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ നിന്നും മടങ്ങിയതിൽ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്.

ശൂരനാട് രാജശേഖരൻ, പി.സി വിഷ്ണുനാഥ് എന്നിവരാണ് ഗ്രൂപ്പുകൾക്കായി നിലവിൽ ചർച്ചകളിൽ പങ്കെടുക്കുന്നത്. ഇതിനിടെ ഇത്രയും പേരെ ഉൾപ്പെടുത്തിയ ജംബോ പട്ടികയിൽ പോലും യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. പട്ടികയിലുള്ള സി.ആർ മഹേഷ് അടക്കമുള്ളവരെ നിലവിൽ യൂത്ത് കോൺഗ്രസ് പ്രതിനിധികളായി കാണാനാവില്ലെന്നും നേതാക്കൾ പറയുന്നു. അധ്യക്ഷ സോണിയ ഗാന്ധിയെ യൂത്ത് കോൺഗ്രസ് നേതാക്കൾ അതൃപ്തി അറിയിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രൻ ഇപ്പോഴും ഡൽഹിയിൽ തുടർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാലുമായും മുകുൾ വാസ്നിക്കുമായും ചർച്ച തുടരുകയാണ്. രാഹുൽ ഗാന്ധിയുമായും മുല്ലപ്പള്ളി രാമചന്ദ്രൻ ആശയവിനിമയം നടത്തി. ജംബോ പട്ടികയിലും ഒരു പദവി മാനദണ്ഡം തള്ളിയതിലും വലിയ അതൃപ്തിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.