India Kerala

കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം 75ലേക്ക്; പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

കെ.പി.സി.സി ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഭാരവാഹികളുടെ എണ്ണം 75ല്‍ നിജപ്പെടുത്താനുള്ള ചർച്ചകൾ അർധരാത്രി വരെയും നീണ്ടു. സി.പി മുഹമ്മദ് അടക്കം 6 വര്‍ക്കിങ് പ്രസിഡന്റുമാർ പട്ടികയിലുണ്ടാകും.

കെ.പി.സി.സി പുനഃസംഘടന ചർച്ചകൾ ഒരാഴ്ച പിന്നിട്ട സാഹചര്യത്തിൽ ഇന്നു തന്നെ ഭാരവാഹി പട്ടിക പുറത്തിറക്കാനാണ് നീക്കം. പട്ടിക സംബന്ധിച്ച് ഇന്നലെ അർധരാത്രി വരെയും കെ.പി.സി.സി, പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാലുമായും മുകുൾ വാസ്നിക്കുമായും ചർച്ച നടത്തി.

ഭാരവാഹികളുടെ എണ്ണം 75ലേക്ക് ചുരുക്കാനുളള അവസാനവട്ട ചര്‍ച്ചകളാണ് നടന്നത്. വര്‍ക്കിങ് പ്രസിഡന്റ്, ഉപാധ്യക്ഷന്‍, ജനറല്‍സെക്രട്ടറി എന്നീ പദവികളിൽ 45ഉം, 30സെക്രട്ടറിമാരേയും നിയമിക്കാനാണ് നീക്കം.

കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍, പി.സി.വിഷ്ണുനാഥ്, വി.ഡി.സതീശന്‍, കെ.വി.തോമസ് എന്നിവർക്കൊപ്പം വർക്കിങ്ങ് പ്രസിഡന്റായി മുന്‍ എം.എല്‍.എ സി.പി മുഹമ്മദ് കുട്ടി പരിഗണനയിൽ ഉണ്ട്. എം.ഐ.ഷാനവാസിന്റെ ഒഴിവില്‍ മുസ്‍ലിം പ്രാതിനിധ്യം ഉറപ്പാക്കാനാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തിയതിനാലും കോഴിക്കോട് ജില്ലാ അധ്യക്ഷനായി മറ്റൊരാളെ കണ്ടെത്താനാകാത്തതിനാലും ടി. സിദ്ദിഖിനെ പരിഗണിക്കേണ്ട എന്നാണ് നേതൃത്വത്തിന്റെ തീരുമാനം.