കെപിസിസിയിൽ സമ്പൂർണ്ണ അഴിച്ചു പണി നടത്തുമെന്ന് അധ്യക്ഷൻ കെ. സുധാകരൻ. ജംബോ കമ്മിറ്റികൾ ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുക. 3 വൈസ് പ്രസിഡന്‍റ് മാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വം.
സംസ്ഥാന നേതൃത്വം അതിന് താഴെ ജില്ലാ കമ്മിറ്റികൾ, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി എന്നിങ്ങനെയായിരിക്കും കോൺഗ്രസ് പ്രവർത്തിക്കുക. ഏറ്റവും താഴെ തട്ടിൽ അയൽക്കൂട്ടങ്ങളുമുണ്ടാവും. ദളിതർക്കും സ്ത്രീകൾക്കും സംവരണം നൽകണമെന്ന് കോൺഗ്രസ് ഭരണഘടന പറയുന്നുണ്ട് . അത് ഉറപ്പാക്കുമെന്ന് സുധാകരൻ പറഞ്ഞു.
പാർട്ടിയിൽ അച്ചടക്കം ഉറപ്പാക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ലയിലും സംവിധാനം ഉറപ്പാക്കും. തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാൻ അഞ്ച് മേഖല കമ്മിറ്റികൾ ഉണ്ടാകും. നിയോജകമണ്ഡലങ്ങളുടെ എണ്ണം കുറവായതിനാൽ കാസർഗോഡ് , വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഡിസിസിക്ക് ചെറിയ നിർവാഹക സമിതി മാത്രമേ ഉണ്ടാവൂ. കെ.പി.സി.സി തലത്തിൽ മീഡിയ സെല്ലുണ്ടാകും. ചാനൽ ചർച്ചയിൽ ഉൾപ്പടെ ആര് പങ്കെടുക്കണമെന്ന് മീഡിയ സെൽ തീരുമാനിക്കുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.