കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാന്‍ നേതാക്കള്‍ക്കിടയില്‍ ധാരണ. ജംബോ കമ്മിറ്റി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍റ് കെ.പി.സി.സിയെ അറിയിച്ചിരുന്നു. 20 ല്‍ താഴെ ഭാരവാഹികളെ നിശ്ചയിച്ച് പുതിയ കമ്മറ്റിയെ നിര്‍ദേശിക്കാനാണ് ഇപ്പോഴുണ്ടായ ധാരണ.
കെ.പി.സി.സി പുനസംഘടനയുടെ ഭാഗമായി ജനറല്‍ സെക്രട്ടറി വരെയുള്ളവരുടെ പട്ടിക തയാറാക്കിയപ്പോള‍് തന്നെ അമ്പതോളം പേരുടെ ജംബെ കമ്മറ്റിയാണ് രൂപം കൊണ്ടത്. ഭാരവാഹി ലിസ്റ്റ് പുറത്തു വന്നതോടെ വിമര്‍ശം ശക്തമായി. ഭാരവാഹികളുടെ എണ്ണക്കൂടതലും പ്രായവും ചര്‍ച്ചയായതോടെ നേതാക്കള്‍ പ്രതിരോധത്തിലായി. ഇതിന് പിന്നാലെ ജംബോ കമ്മറ്റിയെ പൂര്‍ണമായി അനുകൂലിക്കാത്ത നിലപാട് ഹൈകമാന്‍ഡും എടത്തും. ഈ സാഹചര്യത്തിലാണ് പുതിയ ആലോചനകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം കടന്നത്.
ഇരുപത് പേരില്‍ താഴെ വരുന്ന ഭാരവാഹികളെ ഉള്‍പ്പെടുത്തി ചെറിയ കമ്മറ്റി എന്നതിലേക്ക് അങ്ങനെയാണ് നേതാക്കള്‍ എത്തുന്നത്. ഏറ്റവും മുതിര്‍ന്ന നേതാക്കള്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരില്‍ പ്രമുഖര്‍ യുവജന സ്ത്രീ പ്രാതിനിധ്യം ഉള്‍പ്പെടെ 20 നകത്ത് നില്‍കുന്ന പട്ടിക തയാറാക്കാനാണ് ആലോചിക്കുന്നത്.
15 അംഗ കമ്മറ്റി മതിയെന്നും അഭിപ്രായമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഇത് സംബന്ധിച്ച ധാരണയായിട്ടുണ്ട്. ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നത് സംബന്ധിച്ച അന്തിമ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഈ ചെറിയ കമ്മറ്റിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നാണ് നേതാക്കളുടെ നിലപാട്.
നിയസമഭാ തെരഞ്ഞെടുപ്പിന് ശേഷം എം.എല്‍.എമാരായവരെ ഒഴിവാക്കി പൂര്‍ണ പുനസംഘടനയിലേക്ക് പോയാര്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. ഡി.സി.സി ഭാരവാഹിത്വത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരെ മാത്രം കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് പരിഗണിച്ചാല്‍ മതിയെന്നും ധാരണയായിട്ടുണ്ട്.
കെ.പി.സി.സി ഭാരവാഹികാനായി ശ്രമിക്കുന്ന നല്ലൊരു വിഭാഗം പേരെ മാറ്റി നിര്‍ത്താന്‍ ഈ മാനദണ്ഡത്തിലൂടെ കഴിയുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. അടുത്ത ദിവസങ്ങളില്‍ ഡല്ഹിയിലെത്തുന്ന കെ.പി.സി.സി നേതാക്കള്‍ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തി കമ്മറ്റിക്ക് അംഗീകാരം നേടാന്‍ ശ്രമിക്കും.