Kerala

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന സൂചന നല്‍കി കെ.പി.എ മജീദ്

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന സൂചന നൽകി കെ.പി.എ മജീദ്‌. മാനസികമായി സന്നദ്ധല്ലന്നായിരുന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രതികരണം. നേതൃത്വം ആവശ്യപെട്ടാൽ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു.

മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കാനായിരുന്നു കെ.പി.എ മജീദിന്‍റെ ആലോചന. എന്നാൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മത്സരിച്ചേക്കില്ലന്ന സൂചന കെ.പി.എ മജീദ് നൽകുന്നത്. മത്സരിക്കാൻ മാനസികമായി തയ്യാറല്ലെന്നായിരുന്നു ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം. നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.

ലീഗിന്‍റെ മുതിർന്ന നേതാക്കൾ ഒരുമിച്ചു മത്സരിക്കേണ്ടന്ന നേതൃതല ചർച്ചകളും സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകളുമാണ് മജീദിന്‍റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കെ.പി.എ മജീദിനെ ലീഗ് പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ നിലവിലെ രാജ്യസഭാ എം.പി.പി.വി അബ്‌ദുൽ വഹാബിന് നിയമസഭയിലേക്ക് അവസരം നൽകിയേക്കും. അബ്ദുൽ വഹാബും നിയമസഭയിലേക്ക് മത്സരിക്കാനുള്ള താല്പര്യം നേതൃയോഗത്തിൽ അറിയിച്ചിരുന്നു.