India Kerala

ബാബരി മസ്ജിദ് കേസ്

ബാബരി മസ്ജിദ് കേസിൽ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ നിലപാടുമായി യോജിച്ച് പോകാനാണ് ലീഗ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പുനഃപരിശോധനാ ഹർജിയിൽ അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും കെ.പി.എ മജീദ് മീഡിയവണിനോട് പറഞ്ഞു.

ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന്‌ ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ദേശീയ തലത്തിൽ സമാന ചിന്താഗതിയുള്ള മതേതര പാർട്ടികളുമായി ചേർന്ന് മുന്നോട്ട് പോകാനായിരുന്നു ലീഗ് തീരുമാനം. ഇതനുസരിച്ചാണ് മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ പുനഃപരിശോധന ഹർജിയെ ലീഗ് പിന്തുണയ്ക്കുന്നത്.

കോടതി വിധിയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഹർജിയിൽ അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തിൽ ദേശീയതലത്തിൽ സമാന ചിന്താഗതിക്കാരുമായി ചേർന്ന് പ്രവർത്തിക്കാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തിയിരുന്നു.