India Kerala

ജയരാജന്‍റെ കേസുകളെ കുറിച്ചുള്ള വാര്‍ത്ത ലൈക്ക് ചെയ്ത സര്‍ക്കാര്‍ ‌ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

വടകര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ പി. ജയരാജന്‍റെ കേസുകളെ കുറിച്ചുള്ള ചാനല്‍ വാര്‍ത്ത ലൈക്ക് ചെയ്ത സര്‍ക്കാര്‍ ‌ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പൊതുമരാമത്ത് വകുപ്പിന്‍റെ കുറ്റിപ്പുറം ബില്‍ഡിങ് സെക്ഷനിലെ ഓവര്‍സിയര്‍ കെ.പി മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്. പെരുമാറ്റചട്ടത്തിലെ ചട്ടം 69ന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് നടപടി.

ദൃശ്യമാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്ന് കെ. പി മനോജ് കുമാര്‍ ലൈക്ക് ചെയ്തിരുന്നു. ഇതോടെ പി. ജയരാജനെതിരെ സര്‍ക്കാര്‍ ജീവനക്കാരന്‍ അപവാദ പ്രചാരണം നടത്തിയെന്ന ആരോപണം ഉയര്‍ന്നു. തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍. തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് നടപടിയെന്ന് മനോജ് കുമാര്‍ പറഞ്ഞു.

പെരുമാറ്റചട്ടത്തിലെ ചട്ടം 69 അനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത് കുറ്റകരമാണ്. മനോജ് കുമാര്‍ നവമാധ്യമം വഴി രാഷ്ട്രീയ പ്രചാരണം നടത്തിയതായി കണ്ടെത്തിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജോലികിട്ടുന്നത് വരെ സിപിഎമ്മിന്‍റെ മുഴുസമയ പ്രവര്‍ത്തകനായിരുന്ന മനോജ് കുമാര്‍. ടി പി. ചന്ദ്രശേഖരന്‍റെ വധത്തോടെ പാര്‍ട്ടിയുമായി തെറ്റിനില്‍ക്കുകയായിരുന്നു. ഇതിന്‍റെ പകപോക്കലാണ് നടപടിയെന്നും ആരോപണമുണ്ട്.