Kerala

എലത്തൂര്‍ ട്രെയിൻ ആക്രമണം; ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന

എലത്തൂര്‍ ട്രെയിൻ ആക്രമണ കേസിലെ പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. ഷൊര്‍ണ്ണൂരില്‍ നിന്നാണ് ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത്. തുടര്‍ന്ന് തീവയ്പ്പ് നടന്ന ട്രെയിനില്‍ കയറുകയായിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നില്‍ മറ്റാരുമില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് പ്രതിയെന്ന് അന്വേഷണ സംഘം പറയുന്നു. ഷാറൂഖ് സെയ്ഫിക്ക് ഇംഗ്ലീഷ് – ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുണ്ട്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി എഡിജിപി പൊലീസ് ക്യാംപില്‍ എത്തിയിട്ടുണ്ട്.

കേരളം കാത്തിരിക്കുന്ന നിർണായക ചോദ്യങ്ങൾക്കുള്ള ഉത്തരം ഷാറൂഖിൽ നിന്ന് പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. വരും ദിവസങ്ങളിൽ പ്രതിയെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. 11 ദിവസമാണ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലായിരിക്കും അന്വേഷണ സംഘം നടത്തുക. ഇതിനായി പ്രത്യേക ചോദ്യാവലിയുൾപ്പെടെ തയ്യാറാണ്.

പൊലീസ് കസ്റ്റഡിയിൽ തുടരവെ തന്നെ ഷാരൂഖിനെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയനാക്കും. തിങ്കളാഴ്ച ആശുപത്രിയിൽ എത്തിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദേശം. അതേസമയം, ഇയാൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ട്രെയിനിന് തീ വെക്കുമ്പോൾ ഷാറൂഖിന്റെ രണ്ട് കൈകളിലും നേരിയ പൊള്ളൽ ഏറ്റിരുന്നു. ട്രെയിനിൽ നിന്ന് വീണതിനെ തുടർന്ന് പ്രതിയുടെ ശരീരമാസകലം ഉരഞ്ഞ പാടുകളും ഉണ്ട്.