കോഴിക്കോട് ചട്ടം ലംഘിച്ച് പോലീസുകാരുടെ യോഗം. പോലീസ് അസോസിയേഷനാണ് മലപ്പുറം എം.എസ്.പി ക്യാമ്പില്‍ നിന്നും സ്ഥലം മാറി വന്ന പോലീസുകാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. പോസ്റ്റല്‍ ബാലറ്റ് സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇടത് അനുകൂലികളുടെ നേതൃത്വത്തിലുള്ള പോലീസ് അസോസിയേഷന് യോഗം വിളിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
എം.എസ്.പി ക്യാമ്പില്‍ നിന്നും 116 പോലീസുകാരാണ് കോഴിക്കോട് എ.ആര് ക്യാമ്പിലേക്ക് സ്ഥലം മാറിയെത്തിയത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പോലീസ് അസോസിയേഷന് നേതാക്കള്‍ ഇവരുടെ യോഗം വിളിച്ച് ചേര്‍ത്തു. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന് കോമ്പൌണ്ടിലായിരുന്നു യോഗം. കോവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് യോഗം നടന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കെപിസിസി വൈസ്പ്രസിഡന്റ് ടി. സിദ്ധിഖ് പറഞ്ഞു.
യോഗത്തില്‍ പോലീസുകാരുടെ പോസ്റ്റിംഗ് അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടാമെന്ന് അസോസിയേഷന് നേതാക്കള്‍ ഉറപ്പ് നല്‍കിയതായും ആരോപണമുണ്ട്. എന്നാല്‍ യോഗം നടന്നിട്ടില്ലെന്നാണ് സൌത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ വിശദീകരണം.