കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ സമ്മർദമുണ്ടെന്ന് യുവതിയുടെ കുടുംബം. ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിച്ചെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.
ആരുമില്ലാത്ത സമയത്ത് ഇരയോടാണ് സംസാരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. കണ്ടാലറിയാവുന്ന ആശുപത്രി സ്റ്റാഫുകളാണ് സംസാരിച്ചത്.
അതേസമയം, മെഡിക്കൽ കോളജ് സൂപ്രണ്ട് സംഭവ്തതിൽ പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ജീവനക്കാരിൽ നിന്നും വിശദീകരണം തേടുമെന്നും അറിയിച്ചു. പരാതി പൊലീസിന് കൈമാറുമെന്നും നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് ഉറപ്പ് നൽകിയതായും ബന്ധുക്കൾ ട്വന്റിഫോറിനോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. തൈറോയിഡ് ശസ്ത്രക്രിയക്ക് ഐ.സി.യുവിൽ പ്രവേശിപ്പിച്ച യുവതിക്കൊപ്പം അറ്റന്റർ മാത്രമാണ് ഉണ്ടായിരുന്നത്. അനസ്തേഷ്യ കൊടുത്തത്തിനാൽ യുവതി അർധ അബോധാവസ്ഥയിലായിരുന്നു. ശരീരത്തിൽ സ്പർശിച്ച് ലൈംഗിക പീഡനത്തിനിരയാക്കുന്നതായി തിരിച്ചറിഞ്ഞുവെങ്കിലും യുവതിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. മൂന്ന് തവണ ശരീരത്തിൽ ലൈംഗിക ലക്ഷ്യത്തോടെ സ്പർശിച്ചു. ബോധാവസ്ഥയിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ കാര്യം വ്യക്തമാകുന്നത്. പിന്നീടെത്തിയ വനിതാ നഴ്സുമാരോട് പരാതിപ്പെടുകയും ഐ.സി.യുവിൽ കഴിയാൻ ഭയമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. വൈകീട്ട് എട്ട് മണിയോടെ ഡോക്ടറോഡ് പരാതിപ്പെട്ടപ്പോഴാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. കേസിലെ പ്രതി ഗ്രേഡ് 1 അറ്റാൻഡർ ശശീന്ദ്രനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഷനിലാണ്.