India Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ സാംബശിവറാവു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും സൂപ്രണ്ടും നിലവിലെ അവസ്ഥ ജില്ലാ കലക്ടറെ ധരിപ്പിച്ചു. ആർ.എസ്.ബി.വൈ പദ്ധതിയിലൂടെ പണം നൽകേണ്ട പദ്ധതി നടത്തിപ്പ് ചുമതലയുള്ള റിലയൻസ് അധികൃതരുമായും കലക്ടർ കൂടിക്കാഴ്ച നടത്തി. രേഖകൾ പരിശോധിക്കാൻ രണ്ടാഴ്ചത്തെ സമയം കൂടി റിലയൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആർ.എസ്.ബി.വൈ, കാരുണ്യ ബെനവലന്റ് ഫണ്ട് തുടങ്ങിയവയിലൂടെ കോടികളാണ് പദ്ധതിയുടെ നടത്തിപ്പുകാരായ റിലയന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് നല്കാനുള്ളത്. ആർ.എസ്.ബി.വൈ പദ്ധതിയിലൂടെ മാത്രം 20 കോടി രൂപ ലഭിക്കണം. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടറുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ കൂടിക്കാഴ്ച നടത്തിയത്. റിലയന്‍സ് കമ്പനികളുടെ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. കുടിശ്ശികയുള്ള തുക ആശുപത്രിക്ക് ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചെന്ന് ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു പറഞ്ഞു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലൂടെ ആറ് കോടി രൂപയും മെഡിക്കല്‍ കോളേജിന് സര്‍ക്കാര്‍ നല്കാനുണ്ട്. ഈ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറ‍ഞ്ഞു. മെഡിക്കല്‍ കോളേജിലേക്ക് മരുന്നും മറ്റുപകരണങ്ങളും വിതരണം ചെയ്യുന്നവര്‍ക്കുള്ള കുടിശ്ശിക ഈ തുക ലഭിച്ചാലുടന്‍ കൈമാറുമെന്ന് വിതരണക്കാരെ ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.