കോഴിക്കോട് പന്തിരേക്കര സ്വദേശി ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അന്വേഷണം നിലച്ച മട്ടാണ്. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ഒരുങ്ങുകയാണ് ഇർഷാദിന്റെ കുടുംബം.
മൂന്ന് മാസമായി ഇർഷാദ് കൊല്ലപ്പെട്ടിട്ട്. ഇതുവരെയും കേസിലെ മുഖ്യപ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് ആയിട്ടില്ല. ഗൾഫിൽ കഴിയുന്ന പ്രതികളെ നാട്ടിലെത്തിക്കാനുള്ള നടപടിയും മെല്ലെ പോക്കിലാണ്. ഈ കേസിൽ ഇതുവരെ പതിനൊന്ന് പേരാണ് അറസ്റ്റിലായത്. ഇനി പിടികൂടാനുള്ളത് പ്രധാന പ്രതികൾ മാത്രം. പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത കൈതപ്പൊയിൽ സ്വദേശി 916 നാസർ എന്ന സ്വാലിഹും സഹോദരനുമാണ് വിദേശത്തുള്ളത്. ഇവരെ ഇതുവരെ നാട്ടിലെത്തിക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. നാസറിന്റെ സ്വർണ്ണം വിദേശത്തു നിന്ന് ഇർഷാദ് നാട്ടിലെത്തിക്കാൻ കൊണ്ടുവന്നതായിരുന്നു. എന്നാൽ സ്വർണം എവിടെ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
അഞ്ചുപേരായിരുന്നു ഇർഷാദിനെ കൂട്ടാൻ എയർപോർട്ടിലേക്ക് പോയിരുന്നത്. ഇവരുടെ പക്കൽ സ്വർണം ഉണ്ടെന്നാണ് ഇർഷാദിൻ്റെ കുടുംബം പറയുന്നത്.