Kerala

സിപിഐഎം പ്രതിനിധികള്‍ മാത്രമുള്ള ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരിച്ചെന്ന് ആരോപണം; കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം

കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം. ആരോഗ്യ വിഭാഗത്തിലേക്ക് 122 ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്താന്‍ സിപിഎം പ്രതിനിധികള്‍ മാത്രമുള്ള ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആരോപണങ്ങൾ മേയർ നിഷേധിച്ചു.

തിരുവനന്തപുരം കോര്‍പറേഷന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലും താൽക്കാലിക നിയമനങ്ങളുടെ പേരിൽ വിവാദം. ആരോഗ്യവകുപ്പിലേക്കുള്ള 122 താൽക്കാലിക തസ്തികകളിൽ സിപിഐഎം പ്രവർത്തകരെ തിരുകി കയറ്റാൻ ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. നിയമനങ്ങൾക്ക് സിപിഐഎം പ്രതിനിധികൾ മാത്രമുള്ള ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആയിരത്തോളം പേരെയാണ് ഇന്റര്‍വ്യൂവിന് ക്ഷണിച്ചത്. പിന്നീട് സ്ഥിരപ്പെടാന്‍ സാധ്യതയുള്ളതിനാൽ ബിരുദധാരികൾ വരെ ഇന്റർവ്യൂവിൽ പങ്കെടുത്തു. ഇന്റര്‍വ്യുവില്‍ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്ന് മേയര്‍ ബീന ഫിലിപ്പ് 24നോട് പ്രതികരിച്ചു.

നിയമന പട്ടിക ഇതുവരെ പുറത്ത് വിട്ടിട്ടില്ല.