Kerala

കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ദുരൂഹതയുണ്ടെന്ന് റൂറൽ എസ്പി

കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹതയെന്ന് റൂറൽ എസ്പി 24നോട്. സ്വർണക്കടത്ത് സംഘത്തിൻ്റെ പകയാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നു. പരാതിക്കാരന് സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച എയർ ഗൺ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. (koyilandi abduction rural sp)

തട്ടിക്കൊണ്ടുപോയ യുവാവ് ഇന്നലെ തിരിച്ചെത്തിയിരുന്നു. ഇയാളെ സംഘം മർദ്ദിച്ച് അവശനാക്കിയിരുന്നു. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് വഴിയരികിൽ നിന്ന 33 കാരനായ ഹനീഫയെ അഞ്ചം​ഗ സംഘം കാറിൽ വന്ന് തട്ടിക്കൊണ്ടുപോയത്. മൂന്ന് മാസം മുൻപാണ് ഹനീഫ ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് ഇടപാടാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒരുമാസം മുൻപ് സമാനമായ രീതിയിൽ പ്രവാസിയായ അഷറഫിനെ കൊയിലാണ്ടിയിൽനിന്ന് തട്ടിക്കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയ അഞ്ചം​ഗ സംഘം തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് പരുക്കുകളോടെ തടിമില്ലിലാണ് അഷ്റഫിനെ കണ്ടെത്തിയത്. ഇവരെ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഈ സംഘമാണോ ഹനീഫയുടെ തട്ടിക്കൊണ്ടുപോകലിനും പിന്നിലെന്നാണ് പൊലീസിന്റെ അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

അതേസമയം, തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ രണ്ട് പേരെ കൂടി കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെതു. ജലാൽ , മുഹമ്മദ് ഷാഫി എന്നിവരെയാണ് പൂജപ്പുര സെൻട്രൽ ജയിലിലെത്തി ഇഡി ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസമാണ് സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ പ്രതി റബിൻസിനെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. നിലവിൽ എൻഐഎ കേസിൽ റിമാൻഡിലാണ് റബിൻസ്.

അതേസമയം സ്വർണക്കടത്ത് കേസിൽ 10 പേർ അറസ്റ്റിലായെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളുടെ വീറ്റുകളിൽ റെയ്ഡ് നടത്തിയിരുന്നു. റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധ ഇടങ്ങളിൽ വിതരണം ചെയ്തത് മുഹമ്മദ് ഇബ്രാഹിമും മുഹമ്മദ് അലിയും ചേർന്നാണ്. ഇവരെ റിമാൻഡ് ചെയ്തിരുന്നു.