India Kerala

കൊവിഡ് 19 ജാഗ്രത: കര്‍ണാടകയിലേക്കുള്ള 12 റോഡുകള്‍ കേരളം അടച്ചു

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ 12 അതിര്‍ത്തി റോഡുകള്‍ അടച്ചു. അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു.

മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മു ടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വര്‍ഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂര്‍ ഈശ്വരമംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്, നാട്ടക്കല്‍ സുള്ള്യപദവ് റോഡ്, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡും പൂര്‍ണമായി അടച്ചു.

തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല അഡ്യാനടുക്ക റോഡ്, ആദൂര്‍- കൊട്ടിയാടി – സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്, പാണത്തൂര്‍ ചെമ്ബേരി മടിക്കേരി റോഡ് എന്നിവ വഴി കടന്നുവരുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമെ കടത്തി വിടുകയുള്ളൂ.

ഡോക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസുകാര്‍ എന്നിവരടങ്ങിയ സംഘം 5 അതിര്‍ത്തി റോഡുകളില്‍ പരിശോധന നടത്തും.

കര്‍ണാടകയിലെ ബംഗളുരുവിലും കല്‍ബുര്‍ഗിയിലും കുടകിലും കൊറോണ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.