കാഞ്ഞിരപ്പള്ളിയില്‍ 13 വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പക്കയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്. വെള്ളം ചോദിച്ച് വീട്ടില്‍ എത്തിയ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. കേരളത്തിന് പുറത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി ഒറ്റക്കായിരുന്നു. ഈ സമയം വെള്ളം ചോദിച്ച് വീട്ടിലെത്തിയ അരുണ്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് മാതാപിതാക്കളെ പെണ്‍കുട്ടി തന്നെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നല്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്ന് രാവിലെയാണ് ആനക്കല്‍ മേഖലയില്‍ വെച്ച് പൊലീസ് പിടികൂടുന്നത്.
കോഴിക്കോട് പോകാനായി തൊടുപുഴ വരെ എത്തിയെങ്കിലും പണമില്ലാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ കാണാന്‍ തിരിച്ച് വരികയായിരുന്നു. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ തെരച്ചിലിലാണ് പൊലീസ് അരുണിനെ പിടി കൂടിയത്. സ്കൂളില്‍ പോകുന്ന സമയത്താണ് പെണ്‍കുട്ടിയെ പ്രതി ശ്രദ്ധിച്ചിരുന്നത്. വീട്ടില്‍ ആരുമില്ലാത്തതും നേരത്തെ തന്നെ മനസിലാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ പോക്സോ 3,4 വകുപ്പുകളും ഐപിസി 376 (1) വകുപ്പും ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.