India Kerala

കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകും

കോട്ടയം ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയാകുമെന്ന് സൂചന. സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങളാകും ഇനിയുണ്ടാകുക. ജോസ് കെ.മാണിക്ക് രാജ്യസഭ സീറ്റ് നല്കിയതിനാല്‍ ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മത്സരംഗത്തേക്ക് വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും.

യു.ഡി.എഫിലേക്ക് മടങ്ങിയപ്പോഴത്തെ ധാരണയാണ് ലോക്സഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കാമെന്നത്. ജോസ് കെ.മാണിക്ക് രാജ്യസഭ സീറ്റ് നല്കിയ സാഹചര്യത്തില്‍ ലോക്സഭ സീറ്റ് ജോസഫ് വിഭാഗത്തിന് നല്കുമെന്ന സൂചനയും ഉണ്ട്. അങ്ങനെ വന്നാല്‍ മോന്‍സ് ജോസഫോ പി.ജെ ജോസഫോ മത്സര രംഗത്തേക്ക് എത്തിയേക്കാം. എന്നാല്‍ മാണി ഗ്രൂപ്പിലുള്ളവര്‍ ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥിയാകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി മത്സരിക്കുമോ ഇല്ലയോ എന്ന ആശങ്ക മാത്രമാണ് ഇവര്‍ക്ക് ഉള്ളത്.

ജോസഫ് വിഭാഗത്തിന് ഇടുക്കി സീറ്റ് ലഭിച്ചാലും മതിയെന്ന കണക്ക് കൂട്ടലിലാണ്. എന്നാല്‍ കോട്ടയം വിട്ട് കൊടുക്കാന്‍ മാണി ഗ്രൂപ്പ്കാര്‍ തയ്യാറായേക്കില്ല. ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന് ഉറപ്പായാല്‍ യു.ഡി.എഫിന് കൂടുതല്‍ തല പുകയ്ക്കേണ്ടി വരുക കേരള കോണ്‍ഗ്രസുകാരുടെ കാര്യത്തില്‍ തന്നെയാകും. അതേസമയം കോട്ടയം ലഭിച്ചാല്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടാകാതിരിക്കാന്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെയും കേരള കോണ്‍ഗ്രസ് നേതൃത്വം പരീക്ഷിച്ചേക്കാം.