കോട്ടയത്ത് ചേര്‍ന്ന എന്‍.സി.പി നേതൃയോഗത്തില്‍ കയ്യാങ്കളി. പുറത്താക്കിയ കോട്ടയം ജില്ലാ പ്രസിഡന്റിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രമേയം പാസാക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഇതിനിടെ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളെ പുറത്താക്കിയതും പ്രശ്നം വഷളാക്കി.
ഉഴവൂര്‍ വിജയന്‍ വിഭാഗക്കാരനായ മുന്‍ ജില്ല പ്രസിഡന്റ് ടി.വി ബേബിയെ കഴിഞ്ഞ ദിവസമാണ് തത്സ്ഥാനത്ത് നിന്നും പുറത്താക്കിയത്. തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജി രവീന്ദ്രന് താത്കാലിക ചുമതല നല്‍കുകയും ചെയ്തു. വി.ജി രവീന്ദ്രന്റെ നേതൃത്വത്തില്‍ കോട്ടയത്ത് ചേര്‍ന്ന് നേതൃയോഗത്തില്‍ പഴയ പ്രസിഡന്റ് ടി.വി ബേബിക്ക് അനുകൂലമായി ഒരു വിഭാഗം പ്രമേയം പാസാക്കാന്‍ ആവശ്യപ്പെട്ടതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്.
ദേശിയ കമ്മിറ്റിയംഗം മാണി സി കാപ്പന്‍ അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തതോടെ പ്രശ്നം കയ്യാങ്കളിയിലേക്കും കടന്നു. തോമസ് ചാണ്ടി വിഭാഗം നടത്തുന്ന നീക്കങ്ങളാണ് ഇതിന് പിന്നില്ലെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഉഴവൂര്‍ അനുകൂലികളായ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളെ ഇറക്കി വിട്ടതും പ്രശ്നം വഷളാക്കി.
എന്നാല്‍ സ്വാഭാഗവികമായി ഉണ്ടായ പ്രശ്നങ്ങളാണെന്നും ജനാധിപത്യ പാര്‍ട്ടികളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കോട്ടയത്തെ എന്‍.സി.പിയിലെ തര്‍ക്കം മുന്നണിക്കും വലിയ വെല്ലുവിളിയാകും.