ആദ്യഘട്ട പ്രചരണങ്ങള്‍ പൂര്‍ത്തിയായതോടെ കോട്ടയം മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്. യുഡിഎഫ് മണ്ഡലമെന്ന പേരുണ്ടെങ്കിലും ഇത്തവണ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്. സ്ഥാനാര്‍ഥികളുടെ വ്യക്തിത്വം നിര്‍ണ്ണായകമാണ്.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെ യു.ഡി.എഫ് ക്യാമ്പ് ഉണര്‍ന്നിരിക്കുകയാണ്. തോമസ് ചാഴികാടന് ഏത് വിധേനയും ജയിപ്പിക്കും എന്ന വാശിയിലാണ് ഇവര്‍. ഏഴില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലുമുള്ള ആധിപത്യമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കളങ്കമില്ലാത്ത വ്യക്തിത്വം സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. യു.ഡി.എഫ് കോട്ടയില്‍ ആറ് തവണ വിജയിച്ചതിന്റെ ആത്മവിശ്വാസമാണ് എല്‍.ഡി.എഫിനുള്ളത്. അതുകൊണ്ട് തന്നെ സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവനെ ഇറക്കിയാണ് ഇത്തവണ മണ്ഡലം പിടിക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നത്. യു.ഡി.എഫിലെ ഭിന്നത ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
കേരള കോണ്‍ഗ്രസുകാരനായ പി.സി തോമസിനെ ഇറക്കിയാണ് എന്‍.ഡി.എ ഇത്തവണ പരീക്ഷണം നടത്തുന്നത്. മണ്ഡലത്തിലുള്ള പി.സി തോമസിന്റെ സ്വാധീനം അട്ടിമറികള്‍ക്ക് ഉതകുന്നതാണെന്നാണ് വിലയിരുത്തല്‍. മൂന്ന് സ്ഥാനാര്‍ഥികളുടേയും വ്യക്തിത്വം അതുകൊണ്ട് തന്നെ കോട്ടയത്ത് സജീവ ചര്‍ച്ചയാണ്. ആദ്യ ഘട്ട പ്രചരണങ്ങൾ പൂര്‍ത്തിയാക്കിയതോടെ വാശിയേറിയ പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങിയിരിക്കുന്നത്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യാത്ത മണ്ഡലം കൂടിയാണ് കോട്ടയം. അതുകൊണ്ട് തന്നെ കരുത്തരായ സ്ഥാനാര്‍ഥികളില്‍ ആര് വിജയിക്കുമെന്നത് പ്രവചനാതീതമാണ്.