കോട്ടയം സീറ്റിൽ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ മുന്നണികള്‍ക്കുള്ളിൽ ആശയക്കുഴപ്പം തുടരുന്നു. സീറ്റ് തർക്കത്തെ ചൊല്ലി കേരളാ കോൺഗ്രസ് വിയർക്കുമ്പോൾ ജനതാദളിൽ നിന്നും സീറ്റ് കൈക്കലാക്കാനുള്ള ശ്രമമാണ് സി.പി.എം നsത്തുന്നത്. എൻ.ഡി.എ പ്രഖ്യാപിക്കും മുമ്പേ സ്വയം സ്ഥാനാർത്ഥിത്വം പി.സി തോമസ് പ്രഖ്യാപിച്ചെങ്കിലും ആശങ്കകൾ ബാക്കിയാണ്.
ഇത്തവണ മൂന്ന് മുന്നണികളും ഒരുപോലെ വിജയ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് കോട്ടയം. അതുകൊണ്ട് തന്നെ കോട്ടയത്ത് ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ ആശങ്കയും മുന്നണികളെ അലട്ടുകയാണ്. വിട്ട് വീഴ്ചകൾക്ക് മാണി തയ്യറായാൽ ഒരു പക്ഷെ അപ്രതീക്ഷിത സ്ഥാനാർത്ഥി യു.ഡി.എഫിൽ വന്നേക്കാം. കോട്ടയത്തെ പാതി വഴിയിൽ ഉപേക്ഷിച്ച എം.പിയുടെ പാർട്ടിക്കെതിരെ വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് എൽ.ഡി.എഫ്.
കഴിഞ്ഞ തവണ കോട്ടയം സീറ്റിന് താല്പര്യം ഇല്ലായിരുന്നുവെങ്കിലും ഇത്തവണ ജനതാദളിന് ഈ സീറ്റ് വേണമെന്നുണ്ട്. എന്നാൽ സീറ്റ് സ്വന്തമാക്കിയാൽ അനായാസം കോട്ടയത്ത് വിജയിക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്ക് കൂട്ടൽ. ആയതിനാൽ സ്ഥാനാർത്ഥിയെ കുറിച്ചുള്ള ആലോചനകൾ പോലും ഉണ്ടായിട്ടില്ല. എൻ.ഡി.എ നേതാക്കൾ അനുമതി നല്‍കിയെന്ന് പറഞ്ഞ് പി.സി തോമസ് സ്വയം കോട്ടയത്തെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ബി.ജെ.പി കൂടുതൽ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചാൽ കോട്ടയo വിട്ട് പി.സി തോമസ് മറ്റെവിടേക്കെങ്കിലും മാറേണ്ടി വരും. സീറ്റിന്റെ കാര്യത്തിൽ മുന്നണികൾ ധാരണയിലേക്ക് എത്തിയാലും കോട്ടത്തെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മൂന്ന് മുന്നണികൾക്കും അല്പം വിയപ്പൊഴുക്കേണ്ടി വരും.