India Kerala

മാണിയുടെ നിര്യാണത്തോടെ കോട്ടയത്ത് യു.ഡി.എഫിന് വിജയ സാധ്യതയേറിയെന്ന് വിലയിരുത്തല്‍

കെ.എം മാണിയുടെ നിര്യാണത്തോടെ കോട്ടയം മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയ സാധ്യതയേറിയെന്ന് വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരമാണ് പ്രതീക്ഷിച്ചിരുന്നിരുന്നതെങ്കിലും തോമസ് ചാഴിക്കാടന് അനുകൂലമാകും ജനവിധിയെന്നാണ് യു.ഡി.എഫിന്റെ നിഗമനം. മാണിയുടെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രചാരണം സ്ഥാനാര്‍ഥികള്‍ പുനരാരംഭിച്ചിട്ടുണ്ട്.

തീ പാറുന്ന പോരാട്ടമായിരുന്നു കോട്ടയത്ത് നടന്നിരുന്നത്. മൂന്നു മുന്നണികളും കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കിയപോൾ ത്രികോണ മത്സരത്തിനാണ് കോട്ടയം വേദിയായത് . എന്നാൽ കേരള കോൺഗ്രസിന്റെ ശക്തനായ നേതാവ് കെ.എം മാണി വിട വാങ്ങിയതോടെ കോട്ടയത്തെ തെരഞ്ഞെടുപ്പു രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സഹതാപതരംഗം യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

ശബരിമലയും ചർച്ച് ആക്ട് പ്രളയവും എല്ലാമായിരുന്നു മുന്നണികളുടെ പ്രധാന പ്രചാരണ വിഷയം. എന്നാൽ കെ.എം മാണി അന്തരിച്ചതോടെ ഈ വിഷയങ്ങളെല്ലാം കോട്ടയത്തെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. എന്നാൽ മാണിയുടെ നിര്യാണം തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കില്ലെന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥിയും എൻ.ഡി.എ സ്ഥാനാർഥി പറയുന്നത് . അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം. യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ ഇന്ന് പിറവത്താണ് പ്രചാരണം നടത്തുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ വാസവൻ പാലായിലും എൻ.ഡി.എ സ്ഥാനാർഥി പി.സി തോമസ് വൈക്കത്തുമാണ് പര്യടനം നടത്തുന്നത്.