കണക്കുകള്‍ പരിശോധിച്ചാല്‍ യു.ഡി.എഫിന്റെ കോട്ടയായിട്ടാണ് കോട്ടയം അറിയപ്പെടുന്നത്. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ഒരു പോലെ ശക്തിയുള്ള മണ്ഡലം. എന്നാല്‍ പലപ്പോഴും ഈ യു.ഡി.എഫ് കോട്ട ഇടത് പക്ഷത്തിന് തകര്‍ക്കാനുമായിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണം രാഷ്ട്രീയത്തിനപ്പുറത്തേക്ക് കോട്ടയത്തുക്കാര്‍ ചിന്തിക്കുന്നു എന്നു തന്നെയാണ്. ആയതുകൊണ്ട് തന്നെ കോട്ടയത്തെ തെരഞ്ഞെടുപ്പുകള്‍ പ്രവചനാതീതമാകുന്ന ചരിത്രമാണ് ഉണ്ടായിട്ടുള്ളത്.
കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ മറ്റാര്‍ക്കും പറയാനില്ലാത്ത ചരിത്രം കോട്ടയത്തിനുണ്ട്. തിരുവിതാംകൂറിന്റെ ഭാഗമായ പ്രദേശം കോട്ടയമായി മാറിയപ്പോള്‍ വിദ്യാഭ്യാസ രംഗത്തും സാംസ്കാരിക രംഗത്തുമുണ്ടായ മാറ്റങ്ങള്‍ രാജ്യത്തിന്റെ തന്നെ അഭിമാനമാകുകയായിരുന്നു. മിഷണറികളുടെ കടന്ന് വരവോടെ വിദ്യാഭ്യാസത്തില്‍ ബഹുദൂരം എടുത്തു ചാടിയ കോട്ടയം ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷര നഗരമായത് യാദൃശ്ചികമായിരുന്നില്ല. വൈക്കം സത്യാഗ്രഹമടക്കമുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ അടിത്തറ പാകിയ മണ്ഡലത്തില്‍ ഇപ്പോഴും മതസൌഹാര്‍ദ്ദത്തിന്റെ പൂക്കള്‍ വിരിയുന്നു. റബര്‍ കര്‍ഷകരും നെല്‍കര്‍ഷകരും കാര്‍ഷകമേഖലയിലെ അവിഭാജ്യഘടകമാകുമ്പോള്‍ കാര്‍ഷക സംസ്കാരത്തിന്റെ ഉദാഹരണമായും കോട്ടയമെന്ന പേര് ഉയര്‍ന്ന് കേള്‍ക്കുന്നു. അതുകൊണ്ട് തന്നെ കേവല രാഷ്ട്രീയ പ്രചരണങ്ങളിലേക്ക് കോട്ടയം മണ്ഡലം ഒതുങ്ങിയിരുന്നില്ല.
1952 ലെ ആദ്യതെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി മാത്യുവെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്‍ നിന്നു തുടങ്ങുന്നു കോട്ടയത്തിന്റെ ലോക്സഭ ചരിത്രം. പിന്നീട് 1957 ലും 1962ലും കോണ്‍ഗ്രസിന്റെ മാത്യു മണിയങ്ങാട് കോട്ടയം ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസിന്റെ ആധിപത്യം ആദ്യം തല്ലിക്കെടുത്തിയത് 1967ല്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി കെ.എം എബ്രഹമാണ്. പിന്നാലെ വന്ന 1971 ലെ തെരഞ്ഞെടുപ്പില്‍ വര്‍ക്കി ജോര്‍ജ്ജിലൂടെ കേരള കോണ്‍ഗ്രസ് കോട്ടയത്ത് ആദ്യ വിജയക്കൊടി പാറിച്ചു . തുടര്‍ന്ന് 77ലും 80ലും കേരള കോണ്‍ഗ്രസിന് വേണ്ടി ഇപ്പോള്‍ ഇടത് പാളയത്തിലുള്ള സ്കറിയാ തോമസ് കോട്ടയം നിലനിര്‍ത്തി. കേരള കോണ്‍ഗ്രസിന്റെ ഈ തേരോട്ടം അവസാനിപ്പിക്കാന്‍ ഇടത് മുന്നണി കണ്ടെത്തിയത് അന്നത്തെ വിദ്യാര്‍ത്ഥി രാഷട്രീയത്തില്‍ മിന്നുന്ന താരമായി നിന്ന നേതാവിനെ തന്നെ. സുരേഷ് കുറുപ്പെന്ന വിദ്യാര്‍ത്ഥി നേതാവിലൂടെ കോട്ടയം ഇടത് മുന്നണി പിടിക്കുബോള്‍ അത് മറ്റൊരു ചരിത്രമാകുകയായിരുന്നു. രാജ്യത്തുടനീളം വീശിയടിച്ച കോണ്‍ഗ്രസ് തരംഗത്തിലും സുരേഷ് കുറുപ്പിന് കാലിടറിയില്ല. എന്നാല്‍ ഇടത് മുന്നണിയുടെ വിജയം ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് യുവനേതാവായ രമേശ് ചെന്നിത്തലയെ തന്നെ കൊണ്ടുവന്നു.
1989ലും 1991 ലും 1996 തുടര്‍ച്ചയായി ജയിച്ച് ജയിച്ച രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ആധിപത്യം ആവര്‍ത്തിച്ചു. വീണ്ടും കോട്ടയം പിടിക്കാനുള്ള ഉദ്യമം സുരേഷ് കുറുപ്പിലേക്ക് . അങ്ങനെ 1998ലും 99ലെ ഇടക്കാല തെരഞ്ഞെടുപ്പിലും 2004ലും സുരേഷ് കുറുപ്പ് തുടര്‍ച്ചയായ വിജയം നേടി. പിന്നീട് വന്ന 2009ലെ തെരഞ്ഞെടുപ്പില്‍ കോട്ടയംകാര്‍ സുരേഷ് കുറുപ്പിനെ കൈവിട്ടു. മണ്ഡല പുനര്‍ നിര്‍ണ്ണയം ഇടത് മുന്നണിയുടെ അടിതെറ്റിച്ചപ്പോള്‍ കേരള കോണ്‍ഗ്രസിന് വേണ്ടി ജോസ് കെ മാണി കോട്ടയത്തിന്റെ എം.പിയായി. 2014ലും ജോസ് കെ .മാണി വിജയം ആവര്‍ത്തിച്ചു.