India Kerala

കോട്ടയം മണ്ഡലത്തില്‍ ത്രികോണ മത്സരം

കോട്ടയം മണ്ഡലം ഇന്നേവരെ കണ്ടിട്ടില്ലാത്ത ത്രികോണ മത്സരത്തിലേക്കാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോകുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്. മതസാമുദായിക വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ് .

മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ എടുത്ത് നോക്കിയാല്‍ യു.ഡി.എഫിന് മേല്‍കയ്യുള്ള മണ്ഡലമാണ് കോട്ടയം. ഇടത് പക്ഷവും അട്ടിമറികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ സാഹചര്യം അല്പം വ്യത്യസ്തമാണ്. ത്രികോണ മത്സരത്തിലേക്ക് തന്നെയാണ് മണ്ഡലം പോകുന്നത്. ശബരിമലയും ചര്‍ച്ച് ആക്ടും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മണ്ഡലമായതിനാല്‍ അട്ടിമറികള്‍ നടക്കുമെന്നത് ഉറപ്പാണ്. വി.എന്‍ വാസവന്‍ ഇടത് സ്ഥാനാര്‍ത്ഥിയായി എത്തിയത് പാര്‍ട്ടി വോട്ടുകളെ ഒന്നിച്ച് നിര്‍ത്തുമെങ്കിലും എന്‍.എസ്.എസ് അടക്കമുള്ള മത സാമുദായിക സംഘടനകളുടെ വോട്ട് ലഭിക്കുമോ കാര്യത്തില്‍ ആശങ്കയുണ്ട്. പി.ജെ ജോസഫിന് സീറ്റ് നല്കാത്തതിലെ പ്രശ്നവും കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് തര്‍ക്കവും തോമസ് ചാഴിക്കാടനും വെല്ലുവിളിയാകുന്നു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി പി,സി തോമസ് എത്തിയത് ഇടത് വലതുമുന്നണികളുടെ കണക്ക് കൂട്ടലുകളെ തെറ്റിച്ചിട്ടുണ്ട്. സംഘ്പരിവാര്‍ സംഘടനകളുടെ പിന്തുണ പി.സിക്ക് ലഭിക്കുമോ എന്നാണ് അറിയേണ്ടത്. ഇത്തരത്തില്‍ വിജയ പരാജയ സാധ്യതങ്ങള്‍ മൂന്ന് മുന്നണികള്‍ക്കും ഒരു പോലെയാണ് കോട്ടയം മണ്ഡലത്തില്‍. പ്രചരണം കൊഴുക്കുമ്പോള്‍ ഇതില്‍ ആര്‍ക്ക് മേല്‍കൈ ലഭിക്കുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. എന്‍.ഡി.എ സഖ്യം എ.എന്‍ രാധാകൃഷ്ണനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 92848 വോട്ടുകള്‍ നേടാന്‍ എന്‍.ഡി.എ സഖ്യത്തിന് സാധിച്ചിരുന്നു. ബി.ഡി.ജെ.എസ് പിന്തുണ കൂടി വന്നതോടെ വോട്ട് വര്‍ധിക്കുമെന്നാണ് എന്‍.ഡി.എ പ്രതീക്ഷിക്കുന്നത്. ട്വന്റി ട്വന്റി കൂട്ടായ്മ മത്സരത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചത് മുന്നണികളുടെ ആധി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയാവുമെന്ന് ഏറെക്കുറെ ധാരണയായിട്ടുണ്ട്. ഇതോടെ കണക്കുകള്‍ക്കപ്പുറം മണ്ഡലത്തില്‍ മത്സരം കനക്കുമെന്ന് ഉറപ്പാണ്.